അപേക്ഷിച്ച് നാലു വര്‍ഷമായിട്ടും വീട് ലഭിക്കാത്ത ദുഃഖത്തിലെന്ന് ബന്ധുക്കള്‍
പുല്‍പ്പള്ളി: കഴിഞ്ഞ 13ന് വയനാട്ടിലെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ഗൃഹനാഥന്‍ ജീവനൊടുക്കിയത് അപേക്ഷിച്ചിട്ട് നാലുവര്‍ഷം പിന്നിട്ടിട്ടും വീടു ലഭിക്കാത്ത ദുഃഖത്തിലെന്ന് ബന്ധുക്കള്‍.
പാറക്കടവ് മാടപ്പള്ളിക്കുന്നിലെ കമാലാലയം വിജയകുമാര്‍(45) എന്ന അമ്പിളിയുടെ മരണത്തിലാണ് ബന്ധുക്കള്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. വാര്‍ഡില്‍ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡില്‍ കഴിയുന്ന ഏക കുടുംബം ഇദ്ദേഹത്തിന്റേതാണ്. ലൈഫ്, പി.എം.എ.വൈ ഭവന പദ്ധതികളില്‍ മതിയായ പരിഗണന ലഭിച്ചിട്ടില്ല. പി.എം.എ.വൈ ഗുണഭോക്തൃ പട്ടികയില്‍ 51ാം സ്ഥാനത്താണുള്ളത്. ഭാര്യ സ്മിതയും മൂന്നു മക്കളും അടങ്ങുന്നതാണ് വിജയകുമാറിന്റെ കുടുംബം. ആശാരിപ്പണിയെടുത്താണ് വിജയകുമാര്‍ കുടുംബം പോറ്റിയിരുന്നത്.
രോഗിയായതോടെ പണിക്കുപോകാന്‍ കഴിയാതായി. ഭാര്യ കൂലിപ്പണിയെടുത്ത് കിട്ടുന്ന വരുമാനത്തെയാണ് കുടുംബം ദൈനംദിന ജീവിതത്തിന് ആശ്രയിച്ചിരുന്നത്. സ്വന്തമായുള്ള പത്തു സെന്റിലെ ഓടുമേഞ്ഞ വീട് വാസയോഗ്യമല്ലാതായതോടെയാണ് ലൈഫ് പദ്ധതി ഗുണഭോക്താവാകാന്‍ വിജയകുമാര്‍ ശ്രമം തുടങ്ങിയത്.
ഉണ്ടായിരുന്ന വീട് പുതിയ വീട് ലഭിക്കുമെന്ന പ്രതീക്ഷയില്‍ നാലുവര്‍ഷം മുമ്പ് പൊളിച്ചുമാറ്റി. പ്ലാസ്റ്റിക് ഷീറ്റ് മറച്ചുകെട്ടിയ ഷെഡിലേക്ക് കുടുംബം താമസം മാറ്റി. ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കില്ലെന്നറിഞ്ഞതോടെയാണ് പി.എം.എ.വൈ പദ്ധതിയില്‍ ഭാര്യയുടെ പേരില്‍ വീടിന് അപേക്ഷിച്ചത്. ഇതും വെറുതെയായെന്ന് ബോധ്യപ്പെട്ടതോടെ ഉണ്ടായ മാനസികത്തകര്‍ച്ചയാണ് നനഞ്ഞൊലിക്കുന്ന ഷെഡില്‍ ജീവിതം അവസാനിപ്പിക്കാന്‍ വിജയകുമാറിനെ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ പി.എം.എ.വൈ ഗുണഭോക്തൃ പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍ ഇടംപിടിച്ചപ്പോഴാണ് വിജയകുമാറിന്റെ ഭാര്യയുടെ പേര് വളരെ പിന്നിലായത്. ഗ്രാമസഭയില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ വീട് ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും പഞ്ചായത്തില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ല. വാര്‍ഡ് വികസന സമിതിയും പഞ്ചായത്തും നടത്തിയ കള്ളക്കളികളാണ് ഗുണഭോക്തൃ പട്ടികയില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാതെപോയതിന് കാരണമെന്നാണ് ബന്ധുക്കള്‍ കരുതുന്നത്. വിജയകുമാറിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത് ഓഫിസിനു മുന്നില്‍ സമരം സംഘടിപ്പിക്കാന്‍ ആലോചനയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."