അനധികൃത ക്വാറി ലൈസന്‍സ്: മേപ്പാടി പഞ്ചായത്ത് ഓഫിസിലേക്ക് ധര്‍ണ നടത്തി
മേപ്പാടി: നെല്ലിമുണ്ട പ്രദേശത്തെ അനധികൃത ക്വാറിക്ക് ലൈസന്‍സ് നല്‍കാനുള്ള പഞ്ചായത്ത് നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്ത് ഓഫിസിലേക്ക് ധര്‍ണ നടത്തി. കഴിഞ്ഞ അഞ്ച് വര്‍ഷമായി പൂട്ടിക്കിടന്ന മേപ്പാടി നെല്ലിമുണ്ട ക്രഷറിനാണ് പഞ്ചായത്ത് ബോര്‍ഡ് ലൈസന്‍സ് നല്‍കാനൊരുങ്ങുന്നത്. സാധാരണക്കാരായ ഒട്ടേറെ ആളുകള്‍ താമസിക്കുന്ന പ്രദേശത്ത് കൃഷര്‍ പ്രവര്‍ത്തിക്കുന്നതതിനാല്‍ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. ജനങ്ങളുടെ പ്രയാസങ്ങള്‍ അധികൃതരെ അറിയിച്ചിട്ടും ധിക്കാരപരമായി പഞ്ചായത്ത് ലൈസന്‍സ് അനുവദിക്കുകയായിരുന്നു.
ക്രഷറുമായി ബന്ധപ്പെട്ട വിഷയം ഭരണസമിതിയില്‍ ചര്‍ച്ച ചെയ്ത് പഞ്ചായത്ത് സെക്രട്ടറിയെ ഉദ്യോഗസ്ഥരെയും അന്വേഷണം നടത്താന്‍ നിയമിച്ചിരുന്നു. തുടര്‍ന്ന് ക്രഷറിന്റെ അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരുടെ അഭിപ്രായം ആരാഞ്ഞ് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് പകരം പ്രദേശവാസികളെ നേരില്‍ കാണുക പോലും ചെയ്യാതെ അദ്ദേഹത്തിന്റെ താല്‍പര്യത്തിനനുസരിച്ച് റിപ്പോര്‍ട്ട് നല്‍കുകയാണ് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഭരണസമിതി പ്രസ്തുത റിപ്പോര്‍ട്ട് ബോര്‍ഡില്‍ വച്ച് പ്രദേശവാസികള്‍ക്ക് ക്രഷര്‍ പ്രവര്‍ത്തിക്കുന്നതില്‍ പ്രയാസമില്ല എന്നുള്ള രീതിയില്‍ അവതരിപ്പിക്കുകയും ലൈസന്‍സ് നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.
പ്രദേശവാസികള്‍ ചേര്‍ന്ന് ക്രഷര്‍ പ്രവര്‍ത്തിക്കുന്നത് തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നത് മറികടന്നാണ് ഭരണസമിതി ലൈസന്‍സ് നല്‍കാന്‍ തയാറെടുക്കുന്നത്. ക്രഷറിന് ലൈസന്‍സ് നല്‍കാനുള്ള നീക്കത്തിനെതിരേ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ ധര്‍ണ മേപ്പാടി പഞ്ചായത്തംഗം ടി. ഹംസ ഉദ്ഘാടനം ചെയ്തു. രോഹിത് അധ്യക്ഷനായി. പി.കെ അഷ്‌റഫ്, ഷൗക്കത്ത്, പി.പി ഷരീഫ്, സി. ശിഹാബ്, ഹാരിസ്, ബഷീര്‍, എം. അഷ്‌കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."