സുല്‍ത്താന്‍ ബത്തേരി അത്യാധുനിക മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തനം നാളെ മുതല്‍
സുല്‍ത്താന്‍ ബത്തേരി: കോസ്റ്റല്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി രണ്ട് കോടിയോളം രൂപ ചെലവഴിച്ച് ചുങ്കം ബസ് സ്റ്റാന്‍ഡ്് പരിസരത്ത് നിര്‍മിച്ച മത്സ്യ മാംസ മാര്‍ക്കറ്റ് ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭ ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ടൗണില്‍ അസംപ്ഷന്‍ ജങ്ഷന്‍, ചുങ്കം എന്നിവിടങ്ങളിലെ മത്സ്യ സ്റ്റാളുകളാണ് ആദ്യഘട്ടത്തില്‍ ഇങ്ങോട്ട് മാറുക. രണ്ടാംഘട്ടത്തില്‍ മാംസ മാര്‍ക്കറ്റും പുതിയ മാര്‍ക്കറ്റിലേക്ക് മാറ്റുമെന്ന് നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു പറഞ്ഞു.
പുതിയ മാര്‍ക്കറ്റില്‍ എട്ടുറൂമുകളും 29 സ്റ്റാളുകളുമാണുള്ളത്. ഇതിനുപുറമെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ്, കോള്‍ഡ് സ്‌റ്റോറേഡ്, ടോയിലറ്റുകള്‍ എന്നീ സൗകര്യങ്ങളുമുണ്ട്. പാര്‍ക്കിങ് സൗകര്യവും പുതിയ മാര്‍ക്കറ്റിനോട് അനുബന്ധിച്ചുണ്ട്. മത്സ്യ മാര്‍ക്കറ്റ് പുതിയമാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ ടൗണിന് മൂന്നുകിലോമീറ്റര്‍ പരിധിയിലുള്ള എല്ലാ മത്സ്യവില്‍പ്പനയും നിരോധിക്കും. പുതിയ മാര്‍ക്കറ്റില്‍ ഗുണമേന്മ ഉറപ്പുവരുത്തിയ മത്സ്യം മാത്രമേ വില്‍പ്പനക്ക് അനുവദിക്കു. വ്യാപാരികളുമായി നഗരസഭ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നിലവിലുള്ള മാര്‍ക്കറ്റുകളില്‍ നിന്നും ചുങ്കത്തെ മാര്‍ക്കറ്റിലേക്ക് മാറുവാന്‍ മത്സ്യകച്ചവടക്കാര്‍ സന്നദ്ധരായത്. മാംസ മാര്‍ക്കറ്റ് നിര്‍മിക്കുന്നതിന് പത്ത് ലക്ഷം രൂപയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞു.
സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ഏക മാര്‍ക്കറ്റ് എന്ന ആശയം നടപ്പിലാക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്നും അസംപ്ഷന്‍ ജങ്ഷനിലെ മാര്‍ക്കറ്റ് സമുച്ചയം ഷോപ്പിങ് കോപ്ലക്‌സായി പുനര്‍നിര്‍മിക്കുമെന്നും നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷാഷാജി, സ്റ്റാന്‍ഡിങ് കമ്മറ്റി സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ബാബു അബ്ദുറഹിമാന്‍, എല്‍.സി പൗലോസ്, പി.കെ സുമതി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."