സര്‍ഫാസി മോചനയാത്രയും ലീഡ് ബാങ്ക് ധര്‍ണയും മൂന്നിന്
കല്‍പ്പറ്റ: കര്‍ഷക ദ്രോഹ നിയമമായ സര്‍ഫാസി ആക്ടില്‍ ഭേദഗതി വരുത്തുമെന്ന് പറയാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തന്റേടം കാണിക്കണമെന്ന് ഹരിതസേന പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സര്‍ഫാസിയുടെ പേരില്‍ സംസ്ഥാനത്ത് 14150 പേര്‍ക്കാണ് കിടപ്പാടം നഷ്ടപ്പെടാന്‍ പോകുന്നത്. വയനാട് ജില്ലയില്‍ മാത്രം 8370 കര്‍ഷകര്‍ക്കും കിടപ്പാടം നഷ്ടപ്പെടും. എന്നാല്‍ 2002ല്‍ വന്‍കിട കമ്പനികള്‍ കുടിശ്ശിക വരുത്തുമ്പോള്‍ വായ്പാ തുകക്ക് തുല്യമായ ആസ്തികള്‍ കണ്ടുകെട്ടുന്നതിന് പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ മറവില്‍ കേരളത്തില്‍ കര്‍ഷകര്‍ എടുത്ത കാര്‍ഷികേതര വായ്പകളിന്‍മേല്‍ കൃഷി ഭൂമിയും കിടപ്പാടവും പിടിച്ചെടുക്കാനാണ് ബാങ്കുകള്‍ ശ്രമിക്കുന്നത്. വ്യവസായിയുടെ കാര്യത്തില്‍ ഈ നിയമം കര്‍ക്കശമാക്കാത്ത ധനകാര്യ സ്ഥാപനങ്ങള്‍ കേരളത്തിലെ സാധാരണക്കാരെ വേട്ടയാടി ആത്മഹത്യയിലേക്ക് തള്ളി വിടുകയാണന്ന് ഭാരവാഹികള്‍ ആരോപിച്ചു.
കര്‍ഷകന്റെ ഉപജീവനമാര്‍ഗമായ കൃഷി ഭൂമി ജപ്തി ചെയ്യാന്‍ പാടില്ലെന്ന് നിയമത്തിന്റെ സെക്ഷന്‍ 40 എച്ച്-ല്‍ പറയുന്നെണ്ടിരിക്കെയാണ് ബാങ്കുകളുടെ ജപ്തി നടപടികള്‍. കാര്‍ഷികേതര വായ്പയുടെ പേരില്‍ കൃഷി ഭൂമി പിടിച്ചെടുക്കുന്നത് നീതീകരിക്കാനാകില്ല. മൊറട്ടോറിയം എന്ന പതിവ് തട്ടിപ്പ് മാറ്റി കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാന്‍ തയാറാകണം. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും കര്‍ഷകരോട് എന്തെങ്കിലും കൂറുണ്ടങ്കില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് പ്രകടന പത്രികയില്‍ ഉള്‍കൊള്ളിക്കാന്‍ തയാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സര്‍ഫാസിയുടെ പേരില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഹരിതസേനയുടെ നേതൃത്വത്തില്‍ ഏപ്രില്‍ മൂന്നിന് കല്‍പ്പറ്റയില്‍ സര്‍ഫാസി മോചനയാത്രയും ലീഡ് ബാങ്ക് ധര്‍ണയും നടത്തും. ഇരകളായ കര്‍ഷകര്‍ പങ്കെടുക്കുമെന്നും ഹരിത സേന ജില്ലാ പ്രസിഡന്റ് എം. സുരേന്ദ്രന്‍, പി.എന്‍ സുധാകര സ്വാമി, ജോസ് പുന്നക്കല്‍, ജോസ് പാലയാണ, എം.കെ ജെയിംസ്, എം.കെ ഹുസൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."