എസ്.വൈ.എസ് പ്രതിഷേധമുറ്റം ഇന്ന് പരിപാടി വിജയിപ്പിക്കണമെന്ന് സമസ്ത
കോഴിക്കോട്: പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ക്വാറന്റൈന് ചെലവ് ചുമത്തുകയും ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടില്‍ പ്രതിഷേധിച്ച് സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ഇന്ന് രാവിലെ 10.10ന് മുഴുവന്‍ പ്രവര്‍ത്തകരുടെയും വീട്ടുമുറ്റത്ത് നടത്തുന്ന 'പ്രതിഷേധമുറ്റം' വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും അഭ്യര്‍ഥിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പലരുടെയും സഹായത്താലും ത്യാഗം ചെയ്തും നാട്ടിലെത്താന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക് വഹിക്കാവുന്നതിലധികം ചെലവുകളും യാതനകളും അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കണമെന്നും സൗജന്യ ക്വാറന്റൈന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധമുറ്റം സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ മുഴുവന്‍ ശാഖയിലെയും നേതാക്കളും പ്രവര്‍ത്തകരും അവരുടെ വീട്ടുമുറ്റത്ത് പ്രതിഷേധ സന്ദേശങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പരിപാടിയുടെ ഭാഗമാകും. സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കും. അതത് ശാഖാ കമ്മിറ്റികള്‍ പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യും.
'പ്രതിഷേധമുറ്റം' പരിപാടികള്‍ക്ക് സമിതി യോഗം അന്തിമരൂപം നല്കി. യോഗത്തില്‍ എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അധ്യക്ഷനായി. നാസര്‍ ഫൈസി കൂടത്തായി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സലീം എടക്കര സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."