ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി
കല്‍പ്പറ്റ: ജില്ലയിലെ പരിസ്ഥിതി ദുര്‍ബല മേഖലകളിലെ ബഹു നിലകെട്ടിട നിര്‍മാണങ്ങള്‍ക്ക് പരിശോധനയില്ലാതെ അനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോരിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാര്‍ പറഞ്ഞു. ആവശ്യമായ രേഖയില്ലാതെയും ഭൂമിയുടെ പ്രത്യേകതകള്‍ കണക്കിലെടുക്കാതെയും ബഹുനില കെട്ടിടങ്ങള്‍ പണിയുന്നതിന് അനുമതി നല്‍കരുത്. നിയമലംഘനവും അനധികൃത നിര്‍മാണവും ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടികള്‍ സ്വീകരിക്കാത്ത ഉദ്യോസ്ഥര്‍, അനുമതിയില്ലാതെയും നിയമം ലംഘിച്ചും നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ക്കും വെള്ളം, വൈദ്യുതി കണക്ഷന്‍ എന്നിവ നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പരിസ്ഥിതി ദുര്‍ബല മേഖലകളിലെ ബഹു നിലകെട്ടിട നിര്‍മാണം സംബന്ധിച്ച് വിജിലന്‍സ് പരിശോധനക്ക് സര്‍ക്കാരിനോട് ആവശ്യപ്പെടാനും ജില്ലാ ദുരന്ത നിവാരണ സമിതിയോഗം തീരുമാനിച്ചു. കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി ഗാരേജിന് സമീപം ദേശീയ പാതയോരത്ത് നിര്‍മാണത്തിലിരിക്കുന്ന ബഹുനിലകെട്ടിടം തകര്‍ന്ന് വീണ സാഹചര്യത്തിലാണ് നടപടി. ആദ്യഘട്ടത്തില്‍ ലക്കിടി, കല്‍പ്പറ്റ, മൂപ്പൈനാട് മേഖലകളിലാണ് പരിശോധന നടത്തുക.
പൊതു സ്ഥലങ്ങള്‍ കൈയേറിയും റോഡുകളില്‍ നിന്നും നിയമാനുസൃതമുള്ള അകലം പാലിക്കാതെയും പരിസരവാസികള്‍ക്ക് ഭീഷണിയാകുന്നതുമായ നിര്‍മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ദുരന്ത നിവാരണ സമിതിയെ അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും ചെങ്കുത്തായ സ്ഥലങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.
അപകട ഭീഷണിയുയര്‍ത്തു കെട്ടിടങ്ങളോ മറ്റ് നിര്‍മിതികളോ ജില്ലയിലെ ഏതെങ്കിലും പ്രദേശങ്ങളിലുണ്ടോ എന്ന് തഹസില്‍ദാര്‍മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, എല്‍.എസ്.ജി.ഡി എന്‍ജിനീയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ച് ഒരാഴ്ചയ്ക്കകം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
റോഡിന്റെ വശങ്ങളിലും പൊതു സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അപടകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ അടിയന്തിരമായി മുറിച്ചുമാറ്റുന്നതിന് റവന്യു- വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. മഴയുടെ തോത് കുറയുന്നതുവരെ ചെരിഞ്ഞ ഭൂപ്രദേശങ്ങളില്‍ ബഹുനില കെട്ടിടങ്ങള്‍ക്കോ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കോ മണ്ണെടുക്കുന്നത് നിര്‍ത്തിവക്കാനും യോഗം നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."