പുസ്തകങ്ങളുടെ കളിത്തോഴന്‍
പയ്യന്നൂര്‍: പുസ്തകങ്ങള്‍ ജീവന്റെ തുടിപ്പാക്കി നാട്ടുകാരുടെ സ്വന്തം ബാലേട്ടന്‍. പയ്യന്നൂരിലെ ചേടമ്പത്ത് ബാലഗോപാലന്റെ കൈവശം ഇന്ന് സ്വന്തമായി മൂന്ന് ലക്ഷത്തിലധികം രൂപയുടെ പുസ്തകങ്ങളുണ്ട്. ബാല്യത്തില്‍ തന്നെ പോളിയോ ബാധിച്ച് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നപ്പോള്‍ ജീവിതത്തെ മുന്നോട്ട് നയിച്ചത് പുസ്തകങ്ങളുടെ ലോകമാണെന്ന് ബാലേട്ടന്‍ പറയുന്നു. പുതിയ പുസ്തകങ്ങള്‍ വിപണിയിലെത്തിയാല്‍ എത്രയും വേഗം തന്റെ പുസ്തക ശേഖരത്തിലെത്തിച്ചാല്‍ മാത്രമേ ബാലേട്ടന് വിശ്രമമുള്ളൂ. 1956ലാണ് ബാലേട്ടന്‍ പുസ്‌ക ശേഖരണമാരംഭിച്ചത്. വീടിന്റെ തട്ടിന്‍പുറത്ത് ഉണക്കാനിട്ട നെല്ലെടുക്കാനെത്തിയ സ്ത്രീ ഉച്ചത്തില്‍ പാടിയ ചങ്ങമ്പുഴയുടെ രമണനിലെ വരികളാണ് ബാലേട്ടനെ പുസ്തക വായനയുടെ ലോകത്ത് എത്തിച്ചത്. കൂട്ടിയിട്ട നെല്ലില്‍ കുറച്ചെടുത്ത് വിറ്റ് കിട്ടിയ പന്ത്രണ്ട് അണ കൊടുത്ത് വാങ്ങിയ ആദ്യ പുസ്തകമാണ് ചങ്ങമ്പുഴയുടെ രമണന്‍. എന്നും ഇടതുപക്ഷ ചിന്താഗതിക്കാരനും സഹയാത്രികനുമായ ബാലേട്ടന്റെ വീട്ടില്‍ ഇ.കെ നായനാറടക്കം ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. 1968-70 കാലഘട്ടത്തില്‍ പയ്യന്നൂര്‍ കോളജിലെ എസ്.എഫ്.ഐ വിദ്യാര്‍ഥികളുടെ രാഷ്ട്രീയ ചര്‍ച്ചാവേദിയായിരുന്നു ബാലേട്ടന്റെ വീട്. അക്കാലത്താണ് നക്‌സല്‍ നേതാവ് വര്‍ഗീസും ബാലേട്ടനെ തേടിയെത്തിയത്. ബാലേട്ടന്റെ വീട്ടിലെത്തി പുസ്‌ക ചര്‍ച്ചയില്‍ പങ്കാളിയായവരില്‍ ഇ.കെ നായനാര്‍, കെ.പി.ആര്‍ ഗോപാലന്‍, എം.കെ രാഘവന്‍, സുബ്രഹ്മണ്യ ഷേണായി, ടി. ഗോവിന്ദന്‍ തുടങ്ങി പ്രമുഖരുടെ പട്ടിക തന്നെയുണ്ട്. അന്നും ഇന്നും സായാഹ്നങ്ങളില്‍ പുസ്തക ചര്‍ച്ചയില്‍ ബാലേട്ടനോടൊപ്പം അയല്‍വാസിയും സഹോദരതുല്ല്യനുമായ റിട്ട. അധ്യാപകന്‍ പി.എം ഉണ്ണികൃഷ്ണന്‍ അടിയോടിയുമുണ്ട്. 1956ന് ശേഷം ചര്‍ക്ക തിരിച്ച് നൂല്‍നൂല്‍പും ബീഡി തെറുപ്പുമായിരുന്നു തൊഴില്‍. ഇപ്പോള്‍ പഴയ കെട്ടിടങ്ങള്‍ വാങ്ങി പൊളിച്ച് വില്‍ക്കുന്ന തൊഴിലാണ് ബാലേട്ടന്. കണ്ടങ്കാളിയിലെ നിക്കുന്നത്ത് കുഞ്ഞിക്കണ്ണന്റെയും ചേടമ്പത്ത് കാര്‍ത്ത്യായനിയുടെയും ആറ് മക്കളില്‍ രണ്ടാമനായി 1946 ഏപ്രില്‍ 10നാണ് ബാലേട്ടന്റെ ജനനം. ഭാര്യ എം.വി പത്മാവതി, മക്കള്‍ രതീഷ്, രജനീഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."