വിദേശരാജ്യങ്ങള്‍ തയാറായാല്‍ അന്താരാഷ്ട്ര വിമാന സര്‍വിസെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളും കൂടി തയാറാകുന്ന മുറയ്ക്ക് അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. അതുവരെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് നിലവിലുള്ള രീതി തുടരുകയല്ലാതെ നിര്‍വാഹമില്ല. മറ്റു രാജ്യങ്ങളും കൂടി തീരുമാനിക്കാതെ അന്താരാഷ്ട്ര സര്‍വിസുകള്‍ സാധ്യമാകില്ല. അതിനാല്‍ അന്താരാഷ്ട്ര സര്‍വിസുകള്‍ എന്ന് തുടങ്ങണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടന്ന 2,75,000 ഇന്ത്യക്കാരെ ഇതിനകം തിരിച്ചെത്തിച്ചതായും മന്ത്രി പറഞ്ഞു. ഇതില്‍ 1,09,000 പേരെ തിരിച്ചെത്തിച്ചത് എയര്‍ ഇന്ത്യയിലാണ്. മറ്റു കമ്പനികളുടെ വിമാനത്തില്‍ 1,43,000 പേര് തിരിച്ചെത്തി. ആയിരക്കണക്കിന് പേര് കപ്പലുകളിലുമെത്തി. എയര്‍ ഇന്ത്യ രാജ്യത്തിന്റെ ഒന്നാംകിട സ്വത്താണെന്നും മന്ത്രി പറഞ്ഞു. എയര്‍ ഇന്ത്യയെക്കുറിച്ച് മുമ്പില്ലാത്ത പ്രതീക്ഷയും വിശ്വാസവുമാണ് ഇപ്പോള്‍ തനിക്കുള്ളത്. വന്ദേഭാരത് മിഷന്റെ ഹൃദയമാണ് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ മൂല്യം ഇപ്പോള്‍ മുമ്പില്ലാത്ത വിധം ഉയര്‍ന്നതായും എയര്‍ ഇന്ത്യ വിറ്റഴിക്കല്‍ സംബന്ധിച്ചും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
ഇന്ത്യയുടെ വ്യോമയാന മേഖലയുടെ 51 ശതമാനം എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും കയ്യിലാണ്. അവരുടെ ജീവനക്കാര്‍ക്ക് നല്കുന്ന ശമ്പളം മറ്റു അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി തുലനം ചെയ്തു നോക്കുമ്പോള്‍ കുറവാണ്- മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."