അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കണം: പ്രകൃതി സംരക്ഷണ സമിതി
കല്‍പ്പറ്റ: വയനാട്ടില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലടക്കം കുന്നിടിച്ചും തോടുകള്‍ നികത്തിയും ബഹുനിലക്കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് അന്വേഷിച്ച് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
വയനാടിന്റെ പാരിസ്ഥിതിക സവിശേഷതകള്‍ കണക്കിലെടുത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ജില്ലാ കലക്ടര്‍ ബഹുനിലക്കെട്ടിട നിര്‍മണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവ് അട്ടിമറിക്കാന്‍ നടന്ന ഗൂഢാലോചനയില്‍ കഴിഞ്ഞ മന്ത്രിസഭയിലെ ചില അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കാളികളാണ്. ഇവരെ തുറന്നു കാട്ടാനും നടപടികള്‍ക്ക് വിധേയരാക്കാനും പ്രത്യേക സംഘത്തിന്റെ അന്വേഷണം അനിവാര്യമാണ്. ഭൂമിയുടെ പ്രത്യേകതകള്‍ കണക്കിലെടുക്കാതെയും ചട്ടങ്ങള്‍ പാലിക്കാതെയും ജില്ലയില്‍ വ്യാപകമാകുന്ന നിര്‍മാണങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തകരടക്കം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ ബഹുനില കെട്ടിട നിര്‍മാണം നിയന്ത്രിച്ച് ഉത്തരവായത്. ഇതിനെ കഴിഞ്ഞ സര്‍ക്കാരിലെ ഉന്നതരില്‍ ചിലരും നിര്‍മാണ മേഖലയിലെ മാഫിയയും ചേര്‍ന്നാണ് അട്ടിമറിച്ചത്.
ഇത് മറികടക്കാനും കലക്ടറുടെ ഉത്തരവ് ന്യൂനതകള്‍ പരിഹരിച്ച് കര്‍ശനമായി പ്രാവര്‍ത്തികമാക്കാനും സര്‍ക്കാര്‍ തയാറാകണം. ഇക്കാര്യത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ മതിയായ സമ്മര്‍ദം ചെലുത്തണം. പ്രകൃതിയെ മറന്നും ചട്ടങ്ങള്‍ ലംഘിച്ചും നിര്‍മാണം നടത്തുന്നവരോടും അതിനു ഒത്താശ ചെയ്യുന്ന അധികാരികളോടും ദയ കാട്ടേണ്ട കാര്യമില്ല. ജില്ലയിലെവിടെയും കെട്ടിട നിര്‍മാണത്തിനു അനുമതി നല്‍കുന്നതിനുള്ള പൂര്‍ണാധികാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിക്ഷിപ്തമാക്കണം. പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ നിലവില്‍ നിര്‍മാണത്തിലുള്ള മുഴുവന്‍ കെട്ടിടങ്ങളുടെയും പ്രവൃത്തി നിര്‍ത്തിവക്കണം.
നിര്‍മാണം പുനരാരംഭിക്കുന്നതില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ പരിശോധനയും അനുമതിയും നിര്‍ബന്ധമാക്കണം. കല്‍പ്പറ്റ മടിയൂര്‍ക്കുനിയില്‍ നിര്‍മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്നതില്‍ നിന്നു പാഠം ഉള്‍ക്കൊള്ളാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍ ബാദുഷ അധ്യക്ഷനായി. സെക്രട്ടറി തോമസ് അമ്പലവയല്‍, എം ഗംഗാധരന്‍, ബാബു മൈലമ്പാടി, പി.എം സുരേഷ്, സണ്ണി മരക്കടവ്, വി.എം രാജന്‍, ഗോകുല്‍ദാസ് തൊടുവെട്ടി, രാമകൃഷ്ണന്‍ തച്ചമ്പത്ത്, ജസ്റ്റിന്‍ ഏഴാംചിറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."