മണിപ്പൂരില്‍ രാഷ്ട്രീയക്കളി; മുന്നില്‍ സ്പീക്കര്‍
ഇംഫാല്‍: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍നിന്ന് ഒഴിവുണ്ടായിരുന്നു ഒരേയൊരു സീറ്റില്‍ ബി.ജെ.പി ജയിച്ചതിനു പിന്നില്‍ സ്പീക്കറുടെ രാഷ്ട്രീയക്കളിയെന്ന് കോണ്‍ഗ്രസ്. മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാര്‍ ന്യൂനപക്ഷമായതിനു പിന്നാലെ, സര്‍ക്കാര്‍ വിശ്വാസവോട്ട് തേടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിനു പിറ്റേന്ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി സ്ഥാനാര്‍ഥി ജയിച്ചത്.
കണക്കുകള്‍ നോക്കുമ്പോള്‍ മണിപ്പൂരിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണായകമായിരുന്നു. തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് മൂന്നു ബി.ജെ.പി എം.എല്‍.എമാര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുകയും എന്‍.പി.പിയുടെ നാല് എം.എല്‍.എമാരും ഒരു തൃണമൂല്‍ എം.എല്‍.എയും ഒരു സ്വതന്ത്ര എം.എല്‍.എയും ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതോടെ, ബി.ജെ.പി അപകടം മണത്തെങ്കിലും സ്പീക്കറുടെ ഇടപെടലിലൂടെ ജയിച്ചുകയറുകയായിരുന്നു.
ആകെ 60 അംഗങ്ങളാണ് മണിപ്പൂര്‍ നിയമസഭയിലുള്ളത്. ഇതില്‍ ഒരു കോണ്‍ഗ്രസ് വിമതനെ നേരത്തെ അയോഗ്യനാക്കിയിരുന്നു. ബാക്കിയുള്ള 59 പേരില്‍ ഏഴുപേര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍, അവര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചിരുന്നില്ല. ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഇവരുടെ അയോഗ്യതയില്‍ സ്പീക്കര്‍ വൈ. ഖേംചന്ദ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചിരുന്നു. ഇവരെ നിയമസഭയില്‍ പ്രവേശിക്കുന്നതില്‍നിന്നു തടഞ്ഞ് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഇതോടെ, നിയമസഭയിലെ അംഗബലം 52 ആയി. ഇതില്‍നിന്നുള്ള ഒന്‍പതു പേരാണ് ബി.ജെ.പിക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നത്.
എന്നാല്‍, കോടതി തീരുമാനം ഗൗനിക്കാതെ നാലു കോണ്‍ഗ്രസ് വിമത എം.എം.എമാരെ സ്പീക്കര്‍ വോട്ടുചെയ്യാന്‍ അനുവദിച്ചെന്നാണ് വിവരം. സ്പീക്കറുടെ അന്തിമ തീരുമാനം വരുന്നതുവരെ സഭയില്‍ പ്രവേശിക്കരുതെന്നായിരുന്നു ഏഴ് വിമത എം.എല്‍.എമാരോട് കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇവരില്‍ നാലുപേരെ വോട്ടുചെയ്യാന്‍ അനുവദിച്ച സ്പീക്കര്‍, മൂന്നുപേര്‍ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാലു വോട്ടുകള്‍ക്കു ബി.ജെ.പി ജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 28ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 24ഉം വോട്ടാണ് ലഭിച്ചത്. ഇതോടെ, പരാതിയുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ കമ്മിഷനെ സമീപിച്ചെങ്കിലും സ്പീക്കറുടെ അധികാരപരിധിയില്‍ ഇടപെടില്ലെന്നാണ് കമ്മിഷന്റെ മറുപടി. വിഷയത്തില്‍ കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് പാര്‍ട്ടി. തൃണമൂലിന്റെ എം.എല്‍.എയും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനെത്തിയിരുന്നില്ല. ഇദ്ദേഹത്തെയും സ്പീക്കര്‍ വിലക്കുകയായിരുന്നെന്ന് ആരോപണമുണ്ട്. വിഷയത്തില്‍ ഇദ്ദേഹം പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതായും അറിയുന്നു.
അതേസമയം, മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നല്‍കിയിട്ടുണ്ട്. നേരത്തെ, 2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസായിരുന്നു വലിയ ഒറ്റകക്ഷിയായത്. എന്നാല്‍, 21 സീറ്റുകള്‍ മാത്രം നേടിയ ബി.ജെ.പി കോണ്‍ഗ്രസ് ഇതരരെ കൂട്ടുപിടിച്ച് ഭരണത്തിലെത്തുകയും എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരെ മറുകണ്ടം ചാടിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."