വീരവാദം കൊണ്ട് തലവേദന തീരില്ല
ഇന്ത്യയെ വെല്ലുവിളിച്ച ചൈനയെ പാഠം പഠിപ്പിച്ചുവെന്നാണു കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതു ശരിയെങ്കില്‍ ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനാര്‍ഹമായ കാര്യമാണ്.
ഗാല്‍വാനില്‍ ചൈനാ പട്ടാളം നടത്തിയ ആക്രമണത്തില്‍ ഇരുപത് ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചത് ദുഃഖകരമായ സംഭവമാണ്. അതേസമയം, ചൈനയുടെ നാല്‍പ്പതോളം പട്ടാളക്കാരെ അതേ സ്ഥലത്തു തന്നെ ഇന്ത്യന്‍ ജവാന്മാര്‍ കൊന്നുതള്ളിയതായി അനൗപചാരിക റിപ്പോര്‍ട്ടുണ്ട്. അതും ശരിയാണെങ്കില്‍ ഗാല്‍വാന്‍ പോരാട്ടത്തില്‍ വന്‍വിജയം നേടിയത് ഇന്ത്യയാണ്. ആ 'വിജയ'ത്തിലുള്ള അഭിമാനം കൊണ്ടായിരിക്കാം രാജ്യഭരണം കൈയാളുന്ന കക്ഷിയുടെ നേതാക്കളും പട്ടാളമേധാവികളും വിരമിച്ച പട്ടാള ഉദ്യോഗസ്ഥരുമെല്ലാം ചൈനയെ തീര്‍ത്തും നിസ്സാരവല്‍ക്കരിച്ചാണു പ്രതികരിക്കുന്നത്, പ്രധാനമന്ത്രി പറഞ്ഞപോലെ 'പാഠം പഠിപ്പിക്കു'മെന്ന മട്ടില്‍.
പാകിസ്താനുമായി നിരന്തരം അതിര്‍ത്തിയില്‍ പോരാടി യുദ്ധാനുഭവസമ്പത്ത് ഏറെയുള്ള ഇന്ത്യന്‍ സൈന്യത്തിനാണ് എത്രയോ കാലമായി യുദ്ധമൊന്നും നടത്താത്ത ചൈനാ സൈന്യത്തേക്കാള്‍ കരുത്ത് എന്നാണ് കേണല്‍ പദവിയില്‍നിന്നു വിരമിച്ച ഒരാള്‍ കഴിഞ്ഞദിവസം ഒരു മാധ്യമത്തില്‍ പ്രതികരിച്ചത്. ഇതൊക്കെ കേട്ട് ജനം അമിതാവേശത്തിലാണ്. നാളെയൊരു യുദ്ധമുണ്ടായാല്‍ ഇന്ത്യ നിഷ്പ്രയാസം ചൈനയെ തറപറ്റിക്കുമെന്ന വിശ്വാസത്തിലാണവര്‍. പാകിസ്താനില്‍ നടത്തിയ പോലെ ചൈനയിലും ഉടനടി സര്‍ജിക്കല്‍ അറ്റാക്ക് നടത്തണമെന്ന നിലപാടുകാരാണ് ജനങ്ങളില്‍ നല്ലൊരു ശതമാനവും.
രാജ്യാഭിമാനം തീര്‍ച്ചയായും നല്ലതുതന്നെ. ഏതു ശത്രുവിനെയും നമുക്കു തോല്‍പ്പിക്കാനാകുമെന്ന ആത്മവിശ്വാസവും നല്ലതു തന്നെ. പക്ഷേ, യാഥാര്‍ഥ്യം മറന്നുകൊണ്ടുള്ള വീമ്പിളക്കല്‍ തിരിച്ചടിയായേക്കുമെന്നു പറയാതെ വയ്യ. അയല്‍ക്കാരുമായി നല്ല ബന്ധം എന്ന പ്രഖ്യാപനത്തോടെയാണ് 2014 ല്‍ നരേന്ദ്രമോദി അധികാരത്തിലേറിയത്. ഏറ്റവും ശ്രദ്ധേയവും പ്രതീക്ഷാനിര്‍ഭരവുമായ പ്രഖ്യാപനമായിരുന്നു അത്. എന്നാല്‍, ഇപ്പോഴത്തെ സ്ഥിതിയെന്താണ്.
പാകിസ്താന്‍ പിറന്ന അന്നേ ഇന്ത്യയുടെ കൊടിയ ശത്രുവാണ്. 1971 ലെ ബംഗ്ലാദേശ് യുദ്ധത്തോടെ അവരുടെ ശത്രുത കൊടുമുടിയിലെത്തി. ബംഗ്ലാദേശിനു പകരം കശ്മിര്‍ എന്ന പിടിവാശിയിലാണ് ഇന്ന് അവര്‍. മക്‌മോഹന്‍ രേഖ സംബന്ധിച്ച തര്‍ക്കം ചൈന ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയുടെ കാലം മുതല്‍ ഉയര്‍ത്തിയിരുന്നു. 1958ല്‍ ചൈനയിലെ ഔദ്യോഗിക മാഗസിനായ ചൈന പിക്‌ചോറിയല്‍ ഉത്തരപൂര്‍വ അതിര്‍ത്തി പ്രദേശങ്ങളും ലഡാക്കും അവരുടെ രാജ്യത്തിന്റെ ഭാഗമാക്കി ഭൂപടം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചൈന ഇന്ത്യയുടെ പരമശത്രുവായത് 1959ല്‍ ദലൈലാമയ്ക്ക് ഇന്ത്യ അഭയം നല്‍കിയതോടെയാണ്. അതൊരു യുദ്ധത്തില്‍ കലാശിക്കുകയും ഇന്ത്യയ്ക്ക് അക്‌സായ് ചിന്‍ ഉള്‍പ്പെടെ കുറേ ഭൂമി നഷ്ടപ്പെടുകയും ചെയ്തു.
ഇപ്പോഴിതാ ഞാഞ്ഞൂളിനു വിഷം വച്ചപോലെ നേപ്പാള്‍ ഇന്ത്യന്‍ ഭൂമി അവരുടെ പരിധിയിലാക്കി ഭൂപടമുണ്ടാക്കിയിരിക്കുന്നു. ശ്രീലങ്ക പൂര്‍ണ്ണമായും ചൈനയുടെ കൈവെള്ളയിലാണ്. ഇന്ത്യയുടെ കാരുണ്യം കൊണ്ടു പിറവിയെടുത്ത ബംഗ്ലാദേശ് പോലും ഇന്നു മിത്രപ്പട്ടികയിലല്ല.
ഇതില്‍ ഏതെങ്കിലും രാജ്യവുമായി യുദ്ധമുണ്ടായാല്‍ ഇപ്പറഞ്ഞവയില്‍ ഏതൊക്കെ രാജ്യങ്ങള്‍ നമുക്കെതിരേ തിരിയുമെന്നു പറയാനാകില്ല. ചൈനയായാലും പാകിസ്താനായാലും അതിനു കിണഞ്ഞു ശ്രമിക്കുകയും ചെയ്യും. കശ്മിരില്‍ പാകിസ്താന്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കു ചൈനയുടെ മാനസിക പിന്തുണയുണ്ട്. നേപ്പാള്‍ ഭൂപടം മാറ്റി വരച്ചതും ആകസ്മിക സംഭവമല്ല.
കരസേനയുടെ കരുത്തും ടാങ്കും ഫൈറ്റര്‍ വിമാനങ്ങളുടെ എണ്ണവും മറ്റും മാറ്റിവച്ചാലും ഇന്ത്യയുടെ ഇരട്ടിയിലേറെ ആണവായുധമുള്ള രാജ്യമാണു ചൈന. യുദ്ധമുണ്ടായാല്‍ ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്നു വ്യക്തമാക്കിയ രാജ്യമാണ് ഇന്ത്യ. പാകിസ്താനാകട്ടെ തങ്ങള്‍ ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്നു പറയാനാകില്ലെന്നു പ്രഖ്യാപിച്ച രാജ്യമാണ്. പലരുടെയും മനക്കണക്കു പോലെ യുദ്ധം അത്ര എളുപ്പമല്ലെന്നര്‍ഥം.
മിക്കവരും പറയുന്നതുപോലെ ചൈന, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരിക്കലും വിശ്വസിക്കാനാവാത്ത രാജ്യമാണ്. അതില്‍ സംശയമില്ല. 1959 മുതല്‍ ചൈനയുമായി സൗഹൃദബന്ധമുണ്ടാക്കാന്‍ നെഹ്‌റു ആത്മാര്‍ഥമായി ശ്രമിച്ചിട്ടും യുദ്ധത്തിന്റെ വാതില്‍ തുറക്കുന്ന പ്രകോപനം ചൈനയുടെ ഭാഗത്തുനിന്നാണ് ഉണ്ടായത്. യു.എന്‍ രക്ഷാസമിതി ഉള്‍പ്പെടെ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്ക് അംഗീകാരം കിട്ടുമെന്ന ഘട്ടത്തിലൊക്കെ അതിനെതിരേ തിരിഞ്ഞ രാജ്യമാണ്.
എങ്കിലും ഒരു കാര്യം സമ്മതിക്കാതിരിക്കാന്‍ വയ്യ. 1962 ലെ യുദ്ധത്തിനു ശേഷം ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടായിട്ടില്ല. 1975 ല്‍ അരുണാചല്‍ പ്രദേശിലെ തുലങ്‌ലായില്‍ ചൈനാ പട്ടാളം നാല് ഇന്ത്യന്‍ സൈനികരെ വധിച്ച ശേഷം ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ ചോര ചിന്തിയിട്ടില്ല. പാക് അതിര്‍ത്തിയിലും പാക് അധിനിവേശ കശ്മിരിലെ നിയന്ത്രണരേഖയിലും നിത്യേനയെന്നോണം രക്തം വീഴുന്നുണ്ട്.
ഒന്നാം മോദി സര്‍ക്കാര്‍ അമേരിക്കയുമായി ഉണ്ടാക്കിയ ഒരു കരാറിനെക്കുറിച്ച് ഇവിടെ പറയേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയുടെ വിമാനങ്ങള്‍ (സൈനിക വിമാനങ്ങളുള്‍പ്പെടെ) അമേരിക്കയിലെയും അമേരിക്കയുടേത് ഇന്ത്യയിലെയും വിമാനത്താവളങ്ങളില്‍ നിര്‍ത്തിയിടാനും ഇന്ധനം നിറയ്ക്കാനും പരസ്പരം അനുമതി നല്‍കുന്നതായിരുന്നു കരാര്‍. ഇന്ത്യയിലെ സൈനികവിമാനങ്ങള്‍ അമേരിക്കയില്‍ പാര്‍ക്കു ചെയ്യേണ്ട സാഹചര്യമില്ല. അമേരിക്കയുടെ കാര്യം അങ്ങനെയല്ല.
അമേരിക്കയ്ക്ക് ഏറെ സൈനിക താല്‍പ്പര്യമുള്ള മേഖലയാണ് ഏഷ്യ. ചൈനയും റഷ്യയുമൊക്കെയാണ് ആ രാജ്യത്തിന്റെ ശത്രുക്കള്‍. ശൈഖ് അബ്ദുല്ലയുടെ കാലത്ത് കശ്മിര്‍ സ്വാതന്ത്ര്യം നേടിയാല്‍ സഹായവും സാമ്പത്തികസഹായവും വിപണനസഹായവും അമേരിക്ക വാഗ്ദാനം ചെയ്ത കാര്യം ചരിത്രത്താളുകളിലുണ്ട്. അമേരിക്കയുടെ ലക്ഷ്യം കശ്മിര്‍ ബേസ് ക്യാംപാക്കലായിരുന്നുവെന്ന് അന്നു സോവിയറ്റ് യൂണിയന്‍ ഭയന്നിരുന്നു. ഇന്നു റഷ്യക്കും ചൈനയ്ക്കും ആ ഭയമുണ്ട് എന്നതു സത്യം. ദീര്‍ഘകാലമായി ഇന്ത്യയുടെ ശത്രുക്കളായവര്‍ ഒന്നിച്ചുകൂടി പരമശത്രുതയിലേയ്ക്കും പ്രകോപനത്തിലേയ്ക്കും കടക്കാന്‍ അമേരിക്കന്‍ ഭയം കാരണമായെന്നു നിഷ്പക്ഷ പരിശോധനയില്‍ ബോധ്യപ്പെടും.
അടുത്തകാലത്ത് ഇന്ത്യയിലെ ഭരണപക്ഷ നേതാക്കളില്‍ ചിലര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ കൂടി ചൈനയെയും പാകിസ്താനെയും പ്രകോപിപ്പിച്ചിരിക്കാം. പാകിസ്താന്‍ പിടിച്ചടക്കിയ കശ്മിര്‍ പ്രദേശങ്ങളും ചൈന പിടിച്ച അക്‌സായ്ചിന്നും ഇന്ത്യ ഉടനടി തിരിച്ചുപിടിക്കുമെന്നായിരുന്നു ആ പ്രഖ്യാപനങ്ങള്‍.
അക്‌സായ്ചിന്നും പാക് അധിനിവേശ കശ്മിരും ഇന്ത്യയുടേതാണെന്നതിലും അതു തിരിച്ചു കിട്ടണമെന്നതിലും ഒരു ഇന്ത്യക്കാരനും തര്‍ക്കമില്ല. പക്ഷേ, അതു തോക്കിന്‍ കുഴലിലൂടെ ആവരുത്, ഉഭയകക്ഷി ചര്‍ച്ചയിലൂടെയാവണം. ശത്രുവിനെയല്ല, ശത്രുതയെയാണ് ഉന്മൂലനം ചെയ്യേണ്ടത്. മഹാത്മാഗാന്ധി നമ്മെ പഠിപ്പിച്ചത് കൈയൂക്കല്ല, അഹിംസയാണ്. ഇടയില്‍ നിരവധി പരാജയങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കിലും ആ പാതയിലൂടെയാണു ഗാന്ധി വിജയത്തിലെത്തിയത്.
ചൈനയുമായോ പാകിസ്താനുമായോ യുദ്ധമുണ്ടായാല്‍ ഇന്ത്യ ജയിക്കുമെന്നിരിക്കട്ടെ, എത്ര കോടികള്‍ യുദ്ധച്ചെലവിലേയ്ക്കു നീക്കിവയ്‌ക്കേണ്ടി വരും. എത്ര ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വരും. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോഴും പ്രതിരോധച്ചെലവിന് എത്ര ആയിരം കോടികള്‍ അധികമായി മാറ്റിവയ്‌ക്കേണ്ടിവരും. അതിന്റെ നേട്ടവും ആയുധക്കച്ചവടക്കാരായ അമേരിക്കയെ പോലുള്ള രാജ്യങ്ങള്‍ക്ക്.
കോടിക്കണക്കിനാളുകള്‍ നരകജീവിതം നയിക്കുന്ന ഇന്ത്യക്ക് അതു നഷ്ടമേയുണ്ടാക്കൂ. തീര്‍ച്ചയായും നമ്മള്‍, സ്‌നേഹം കൊണ്ടു കീഴടക്കുന്ന ഗാന്ധിമാര്‍ഗം സ്വീകരിക്കുകയാണു വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."