മലബാര്‍ മേഖലയില്‍ ജേര്‍ണലിസം പി.ജിക്ക് അവസരങ്ങളില്ല
കല്‍പ്പറ്റ: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കും കണ്ണൂര്‍ യൂനിവേഴ്‌സിറ്റിക്കും കീഴിലായി മലബാര്‍ മേഖലയില്‍ മാത്രം 40ഓളം കോളജുകളില്‍ ജേര്‍ണലിസം ബിരുദ കോഴ്‌സുകള്‍ പഠിപ്പിക്കുന്നുണ്ട്. പല ബിരുദ കോഴ്‌സുകളുടെയും രണ്ടാം വിഷയമായും പഠിപ്പിക്കുന്നത് ജേര്‍ണലിസം തന്നെ. സംസ്ഥാനത്ത് 175 സ്‌കൂളുകളിലും ജേര്‍ണലിസം പഠിപ്പിക്കുന്നുണ്ട്. ഇങ്ങിനെയൊക്കെയാണെങ്കിലും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദമെടുക്കണമെങ്കില്‍ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക്.
മലബാര്‍ മേഖലയില്‍ മാത്രം ഒരു വര്‍ഷം 1500ന് മുകളില്‍ വിദ്യാര്‍ഥികളാണ് ജേര്‍ണലിസത്തില്‍ ബിരുദം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്. ഇവരില്‍ 90ന് താഴെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് മലബാര്‍ മേഖലയില്‍ ബിരുദാനന്തര ബിരുദ പഠനം നടത്താന്‍ സാധിക്കൂ. ബാക്കി കുട്ടികളില്‍ ഭൂരിഭാഗവും ഭീമമായ തുക മുടക്കി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണിപ്പോള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പല മിടുക്കരായ വിദ്യാര്‍ഥികളും പഠനം നിര്‍ത്തുന്നതിനും ഇത് കാരണമാകുന്നുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ജേര്‍ണലിസം പി.ജിക്ക് ആകെയുള്ളത് 24 സീറ്റുകളാണ്. ഇതില്‍ 12 സീറ്റുകളിലാണ് മെറിറ്റില്‍ പ്രവേശനം ലഭിക്കുക. ബാക്കിയുള്ളത് റിസര്‍വ്ഡ് സീറ്റുകളാണ്. പിന്നെയുള്ളത് സ്വാശ്രയ കോളജുകളാണ്. ഇവിടങ്ങളില്‍ ഭീമമായ ഫീസ് നല്‍കി വേണം പഠനം നടത്താന്‍. പല കുട്ടികള്‍ക്കും ഇത്തരത്തില്‍ ഫീസ് നല്‍കാന്‍ സാധിക്കാത്തവരായിരിക്കും.
അതുകൊണ്ട് തന്നെ മാധ്യമമേഖലയില്‍ ശോഭിക്കേണ്ട പല നക്ഷത്രങ്ങളും പാതിവഴിയില്‍ പൊലിഞ്ഞുപോകുകയാണ് നിലവില്‍. ഇതിന് പരിഹാരമെന്ന നിലയില്‍ മലബാര്‍ മേഖലയിലെ സര്‍ക്കാര്‍ കോളജുകളില്‍ ജേര്‍ണലിസം പി.ജി കോഴ്‌സുകള്‍ അനുവദിക്കണമെന്ന അഭിപ്രായമുയരുന്നുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കോളജുകളില്‍ ജേര്‍ണലിസം ബിരുദ കോഴ്‌സുള്ള ജില്ലയാണ് വയനാട്.
വയനാട്ടില്‍ ആകെയുള്ള ഒന്‍പത് കോളജുകളില്‍ ഏഴ് കോളജുകളിലും ജേര്‍ണലിസം ബിരുദ കോഴ്‌സുകളുണ്ട്. ചിലയിടത്ത് ഇംഗ്ലീഷിന്റെ രണ്ടാം വിഷയമായും പഠിപ്പിക്കുന്നത് ജേര്‍ണലിസമാണ്. സംസ്ഥാനത്തെ ജേര്‍ണലിസം ബിരുദ കോഴ്‌സുള്ള ഏക സര്‍ക്കാര്‍ കോളജാണ് എന്‍.എം.എസ്.എം ഗവ ആര്‍ട് ആന്‍ഡ് സയന്‍സ് കോളജ് കല്‍പ്പറ്റ. ഇവിടെ കോഴ്‌സിന് ആവശ്യമായ 95 ശതമാനം ഭൗതിക സാഹചര്യങ്ങളുമുണ്ട്. ഇതുകൊണ്ട് തന്നെ കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ വിദ്യാര്‍ഥികള്‍ ഈ കോളജില്‍ ജേര്‍ണലിസം പഠനത്തിനായി എത്തുന്നുണ്ട്.
അതുകൊണ്ട് തന്നെ ഇത്തവണത്തെ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ കോളജിന് രണ്ട് പി.ജി കോഴ്‌സുകള്‍ അനുവദിച്ചിട്ടുണ്ട്. രണ്ടില്‍ ഒന്ന് ജേര്‍ണലിസം പി.ജി ആക്കണമെന്ന് രക്ഷിതാക്കളടക്കം ആവശ്യമുയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്. അഡ്വര്‍ട്ടൈസിങ്, സിനിമ, ഓണ്‍ലൈന്‍ സാങ്കേതിക മേഖല, പ്രിന്റ്, ദൃശ്യമാധ്യമങ്ങള്‍, പബ്ലിക് റിലേഷന്‍, റേഡിയോ തുടങ്ങി നിരവധി ജോലി സാധ്യതകള്‍ തുറന്ന് തരുന്ന ജേര്‍ണലിസം കോഴ്‌സിന്റെ പി.ജി കൂടി ലഭിക്കുകയാണെങ്കില്‍ അത് സാധാരണക്കാര്‍ മാത്രം തിങ്ങിപ്പാര്‍ക്കുന്ന വയനാട് ജില്ലക്കും ഒരു മുതല്‍കൂട്ടാവുമെന്നാണ് രക്ഷിതാക്കളും അധ്യാപകരും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."