കൊടിക്കുന്നില്‍ സുരേഷിന് കെട്ടിവയ്ക്കാനുള്ള പണം നല്‍കി കശുവണ്ടിത്തൊഴിലാളികള്‍
ചങ്ങനാശേരി: കൊടിക്കുന്നില്‍ സുരേഷിന് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് കശുവണ്ടി തൊഴിലാളികള്‍. പുത്തൂര്‍ സെന്റ് മേരീസ് കാഷ്യൂ ഫാക്ടറിയിലെ തൊഴിലാളികളാണ് കെട്ടിവയ്ക്കാനുള്ള തുക സമാഹരിച്ച് നല്‍കിയത്.
ഇന്നലെ രാവിലെ എട്ടിന് പുത്തൂരിലെ സെന്റ്‌മേരീസ് കാഷ്യു ഫാക്ടറിയിലെത്തി തൊഴിലാളികളെ കണ്ട് വോട്ട് അഭ്യര്‍ഥിച്ചപ്പോഴാണ് തൊഴിലാളികള്‍ ഫാക്ടറിയില്‍ നിന്ന് സമാഹരിച്ച തുക കൊടിക്കുന്നിലിനെ ഏല്‍പ്പിച്ചത്. എന്നും തൊഴിലാളികള്‍ക്കൊപ്പം നിന്ന് അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ച തനിക്ക് തൊഴിലാളികളില്‍ നിന്ന് ലഭിച്ച വലിയ അംഗീകാരമാണ് ഇതെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. താന്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രിയായിരുന്നപ്പോള്‍ കശുവണ്ടി തൊഴിലാളികള്‍ക്ക് വേണ്ടി നടത്തിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കുളക്കട, എഴുകോണ്‍ പ്രദേശങ്ങളിലെ കശുവണ്ടി ഫാക്ടറികളും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചു.
ഇന്ന് ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ പര്യടന പരിപാടികള്‍ക്ക് രാവിലെ എട്ടിന് മാന്നാര്‍ പരുമല പള്ളിയില്‍ തുടക്കം കുറിക്കും. പരുമല പള്ളയിലെ പ്രാര്‍ഥനക്ക് ശേഷം മാന്നാര്‍ ജങ്ഷനിലെ കടകമ്പോളങ്ങളില്‍ കയറി വോട്ട് അഭ്യര്‍ഥിക്കും. തുടര്‍ന്ന് ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലേയും പ്രധാന സ്ഥലങ്ങളിലെത്തി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."