ജൈവകൃഷി അവാര്‍ഡ് നേടിയ ചെറുപുഴ പഞ്ചായത്ത് നല്‍കുന്നത് രാസവളം
ചെറുപുഴ: ജൈവകൃഷി അവാര്‍ഡ് നേടിയ ചെറുപുഴ പഞ്ചായത്ത് നാട്ടുകാര്‍ക്കായി വിതരണം ചെയ്യുന്നത് രാസവളം. പഞ്ചായത്തിന്റെ രാസകൃഷിക്കെതിരേ കലക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് മലബാര്‍ പരിസ്ഥിതി സമിതി. എല്‍.ഡി.എഫിന്റെ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം ജൈവകൃഷി പ്രോല്‍സാഹനമാണ്.
എന്‍ഡോസള്‍ഫാന്‍ ദുരന്തം തലമുറകളിലേക്ക് രോഗങ്ങളെ എത്തിച്ചുകൊണ്ടിരിക്കുമ്പോഴും ഉത്തരവാദപ്പെട്ട ചെറുപുഴ പഞ്ചായത്ത് അധികൃതര്‍ രാസവളത്തെ പ്രോല്‍സാഹിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പരിസ്ഥിതിവാദികള്‍ പറയുന്നു. മലയോരങ്ങളില്‍ മുമ്പില്ലാത്തവിധം കാന്‍സര്‍, കുട്ടികളില്‍ കിഡ്‌നി രോഗങ്ങള്‍ എന്നിവ കൂടി വരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പോലും വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ പരമാവധി ജൈവ കൃഷിയെ പ്രോല്‍സാഹിപ്പിക്കുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്.
മലയോരത്തെ രാസകൃഷി ആവാസവ്യവസ്ഥകളെ തകിടം മറിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വലിയ ആനുകൂല്യം നല്‍കുന്ന രാസവള കമ്പ നിക്കാരുടെ പിടിയാളുകളാവുകയാണ് പഞ്ചായത്തുകള്‍ എന്ന ആക്ഷേപം ശക്തമാണ്. രാസവളം വിതരണം നടത്താന്‍ ഗ്രാമസഭ ആവശ്യപ്രകാരമാണ് തീരുമാനിച്ചതെന്നാണ് ഭരണസമിതി പറയുന്നത്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ പഞ്ചായത്ത് ബോര്‍ഡില്‍ വിയോജന കുറിപ്പ് എഴുതിയിട്ടും പരിഗണിക്കാതെയാണ് ഭരണസമിതി തീരുമാനമെടുത്തതെന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പറയുന്നത്.
പഞ്ചായത്തിന്റെ തെറ്റായ നടപടിക്കെതിരേ ബഹുജന പ്രക്ഷോഭം നടത്താനും പരിസ്ഥിതി പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."