ഏറ്റുമാനൂര്‍ - കുറുപ്പന്തറ ഇരട്ടപാത ഇന്ന് കമ്മിഷന്‍ ചെയ്യും; ആദ്യ ട്രെയിന്‍ വൈകിട്ട് നാലിന് ശേഷം
ബി.എസ് കുമാര്‍
ഏറ്റുമാനൂര്‍: പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പൂര്‍ണമായ ഏറ്റുമാനൂര്‍ - കുറുപ്പന്തറ സെക്ഷനില്‍ ഇന്നു മുതല്‍ രണ്ട് പാളത്തിലൂടെയും തീവണ്ടി ഓടിത്തുടങ്ങും.
വൈകിട്ട് നാലിന് ശേഷമായിരിക്കും ആദ്യട്രെയിന്‍ കടത്തിവിടുക. പുതിയ പാളത്തിന്റെ കമ്മിഷനു മുന്നോടിയായി അവസാനവട്ട പരിശോധനകളും പണികളും നടക്കുന്നതിനാല്‍ ഞായറാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലുവരെ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം നിലയ്ക്കും. ഈ സമയം ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള യാര്‍ഡ് നവീകരണത്തിന്റെയും മനയ്ക്കപ്പാടം അടിപ്പാതയുടെയും പണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള ഷൊര്‍ണൂര്‍ - തിരുവനന്തപുരം വേണാട് എക്‌സ്പ്രസും (നമ്പര്‍ - 16301) മംഗലാപുരം - നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസും (നമ്പര്‍ - 16649) ഇന്ന് മുതല്‍ മെയ് ഒന്ന് വരെ ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തില്ല. അതേസമയം രാവിലെ എറണാകുളം ഭാഗത്തേക്കുള്ള വേണാട്, പരശുറാം എക്‌സ്പ്രസ് ട്രെയിനുകള്‍ പതിവുപോലെ ഏറ്റുമാനൂരില്‍ നിര്‍ത്തും. മറ്റ് ചില ട്രെയിനുകളുടെ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
ഏറ്റുമാനൂരിനും കുറുപ്പന്തറയ്ക്കുമിടയില്‍ ഇരുവശത്തേക്കും ഒരു പാളത്തിലൂടെയായിരുന്നു ഇതുവരെ ഗതാഗതം. ഇന്ന് മുതല്‍ വണ്‍വേ സിസ്റ്റം നിലവില്‍ വരും. പുതിയ പാളത്തിലൂടെ വടക്കോട്ടും പഴയ പാളത്തിലൂടെ തെക്കോട്ടും മാത്രമായിരിക്കും ഇനി ട്രെയിനുകള്‍ ഓടുക. ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ തെക്കോട്ടുള്ള ട്രെയിനുകള്‍ക്ക് കടന്നുപോകാനുള്ള സൗകര്യം ഒന്നും രണ്ടും നാലും പ്ലാറ്റ്‌ഫോമുകളിലാണ്. വടക്കോട്ടുള്ള വണ്ടികള്‍ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലും പിടിക്കും. എന്നാല്‍ മനയ്ക്കപ്പാടം അടിപ്പാത പൂര്‍ണമായാലേ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളിലൂടെ ട്രെയിന്‍ കടത്തിവിടാനാകൂ.
നാലാം പ്ലാറ്റ്‌ഫോമിന് വലിയ ട്രെയിനുകളെ ഉള്‍കൊള്ളാനുള്ള നീളം ഇല്ലാത്തതിനാലാണ് മനയ്ക്കപ്പാടം അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായി ഗതാഗതം പുനക്രമീകരിക്കും വരെ തിരുവനന്തപുരം ഭാഗത്തേക്കുള്ള വേണാട്, പരശുറാം എക്‌സ്പ്രസുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദ്ദാക്കിയത്. വേണാടിനും പരശുറാം എക്‌സ്പ്രസിനും 23 ബോഗികള്‍ ഉണ്ട്. 400 മീറ്റര്‍ നീളമുള്ള നാലാം പ്ലാറ്റ്‌ഫോമില്‍ 18 ബോഗികള്‍ മാത്രമേ ഉള്‍കൊള്ളാനാവൂ. മറ്റ് പ്ലാറ്റ്‌ഫോമുകളുടെ നീളം 540 മീറ്ററാണ്. ഇവിടെ 24 ബോഗികള്‍ വരെയുള്ള ട്രെയിനുകള്‍ നിര്‍ത്താനാവും.
ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ പഴയ പാളങ്ങള്‍ കടന്നുപോകുന്ന ഭാഗത്താണ് അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാകാനുള്ളത്. പഴയ അടിപ്പാതയോട് ചേര്‍ന്ന് രണ്ട് പാളങ്ങളോടു കൂടിയ പുതിയ പാലം നിര്‍മിച്ച് ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു. ഇതിന് ശേഷമാണ് ചരിത്രമുറങ്ങുന്ന പഴയ പാലവും പാളങ്ങളും പൊളിച്ച് നവീകരണം ആരംഭിച്ചത്.
സിഗ്നല്‍, ഇലക്ട്രിക്കല്‍ ജോലികളും പുരോഗമിക്കുകയാണ്. ഏപ്രില്‍ 30-ാം തിയതിയോടെ പണികള്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാനാവുമെന്ന് റയില്‍വേ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബാബു സഖറിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."