കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് ; അനുമതി തേടി ഇന്ത്യന്‍ എംബസി
ജിദ്ദ: സഊദിയിൽ നിന്നു കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി തേടി സഊദിയിലെ ഇന്ത്യന്‍ എംബസി അപേക്ഷ സമര്‍പ്പിച്ചു. സഊദി വിദേശകാര്യ മന്ത്രാലയം വഴിയാണ് അപേക്ഷ സമര്‍പ്പിച്ചത്. കത്ത് വിദേശകാര്യമന്ത്രാലയം ആരോഗ്യവകുപ്പിന് കൈമാറി. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്തണമെന്നാണ് കത്തിലെ ആവശ്യം.
ട്രൂനറ്റ് പരിശോധന സംവിധാനം ഒരുക്കുന്നതിന്‍റെ നടപടികളിലേക്ക് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതിന്റെ സൂചനയാണ് ഇത്. ഈ മാസം 25 മുതൽ കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന യാത്രക്കാർക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാണെന്നും പി.സി.ആർ ടെസ്റ്റിന് സമയവും ചെലവും കൂടുതലാണെന്നും അതിനാൽ യാത്രാവശ്യത്തിനായി ചില ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് അനുമതി നൽകണമെന്നുമാണ് ഇന്ത്യൻ എംബസി സഊദി വിദേശകാര്യ മന്ത്രാലയത്തിനയച്ച കത്തിൽ ആവശ്യപ്പെട്ടത്.
എണ്ണൂറിലേറെ ചാർട്ടേഡ് വിമാനങ്ങൾക്കാണ് കേരളത്തിലേക്ക് അനുമതിയെന്നും കൊവിഡ് ബാധിതർ ഈ വിമാനങ്ങളിൽ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അതിനാൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രം വിമാനങ്ങളിൽ അയച്ചാൽ മതിയെന്നുമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നതെന്നും എംബസി അധികൃതർ പറഞ്ഞു. സഊദി അനുമതി നൽകിയാൽ കൊവിഡ് ടെസ്റ്റ് നടത്തി മലയാളികൾക്ക് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് യാത്രയാകാം.
അതേ സമയം വിഷയത്തില്‍ നടപടിയാകും വരെ നാട്ടിലേക്ക് മടങ്ങാന്‍ നിലവിലെ സ്ഥിതി തുടരുമെന്നാണ് വിവരം. അതിനിടെ സഊദി ആരോഗ്യ മന്ത്രാലയം റാപ്പിഡ് ടെടെസ്റ്റിന് അനുമതി നിഷേധിച്ചാൽ പിപിഇ കിറ്റുകള്‍ ധരിച്ച് യാത്രക്ക് അനുവദിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. കൊവിഡ് പ്രതിരോധ കിറ്റ് ധരിച്ച് യാത്ര ചെയ്താല്‍ കൊവിഡ് പടരാനുള്ള സാധ്യത കുറവാണ്. കൃത്യത കുറവുള്ള റാപ്പിഡ് ടെസ്റ്റിനേക്കാള്‍ ഇത് ഫലം ചെയ്യുമെന്നും ആരോഗ്യ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
സഊദിയില്‍ നിന്നും നിലവില്‍ കേരളത്തിലേക്ക് ആളുകള്‍ യാത്ര ചെയ്യുന്നത് ഗ്ലൌസ്, മാസ്ക്, ഫെയ്സ് ഷീല്‍ഡ്, റോള്‍ അപ്പ് എന്നിവ ധരിച്ചാണ്. പിപിഇ കിറ്റ് ധരിച്ചാല്‍ വൈറസ് പടര്‍ച്ചുള്ള സാധ്യത താരതമ്യേന കുറവാണ്.
റാപ്പിഡ് ടെസ്റ്റ് നടത്തിയാല്‍ ഫലം കൃത്യമാകില്ല. ഇത് പരിഹരിക്കാനും പിപിഇ കിറ്റ് ധരിച്ചുള്ള യാത്രയാകും ഫലപ്രദമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. നൂറ് റിയാലിന് താഴെയാണ് കിറ്റിനുള്ള വില. നിലവിൽ ഇത് സഊദിയില്‍ ലഭ്യമാണെന്നും ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."