തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസിന്റെ പീഡനമെന്ന് പ്രജ്ഞാസിങ് ഠാക്കൂര്‍
ഭോപ്പാല്‍: കോണ്‍ഗ്രസ് ഭരണം മൂലമുണ്ടായ പീഡനമാണ് തനിക്ക് കാഴ്ച നഷട്‌പ്പെട്ടതുള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്ന് ഭോപ്പാലില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ പ്രജ്ഞാസിങ് ഠാക്കൂര്‍. അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രജ്ഞാ സിങ്.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കോണ്‍ഗ്രസില്‍ നിന്ന് നിരന്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങുകയാണെന്നും. ഇത് കാരണം പല ബുദ്ധിമുട്ടകളും സഹിക്കേണ്ടി വന്നെന്നുമാണ് ഇവരുടെ വാദം. എന്നാല്‍ ഇവരുടെ വാദം തികച്ചും അസംബന്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി ശര്‍മ പറഞ്ഞു.സ്ത്രീകളെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് തെറ്റിദ്ധാരണ പരത്താനാണ് ഈ വാദം ഉയര്‍ത്തിയിരിക്കുന്നതെന്നും ശര്‍മ പറഞ്ഞു.
2008 മാലേഗാവ് സ്‌ഫോടനത്തില്‍ 9 വര്‍ഷം തടവിലായിരുന്ന പ്രജ്ഞാഠാക്കൂര്‍ ഏപ്രിലിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. മഹാരാഷ്ട്രയിലെ മാലേഗാവില്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
2009 ജനുവരി19 പ്രജ്ഞയ്‌ക്കെതിരിലുള്ള 4000 പേജ് അടങ്ങുന്ന കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രജ്ഞയും ലഫ്. കേണല്‍ പ്രസാദ് പുരോഹിതും ചേര്‍ന്നാണ് സ്‌ഫോടനത്തിന് ആസൂത്രണം നല്‍കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്ന് ഇവരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."