മനുഷ്യാവകാശ കമ്മിഷന്‍ അദാലത്ത്: 170 പരാതികള്‍ തീര്‍പ്പാക്കി
ആലപ്പുഴ: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ അദാലത്തില്‍ 170 ലധികം പരാതികള്‍ തീര്‍പ്പാക്കി. കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ കെ. മോഹന്‍കുമാറും പി. മോഹനദാസുമാണ് അദാലത്തില്‍ പങ്കെടുത്തത്.
375 കേസുകള്‍ കമ്മിഷന്‍ പരിഗണിച്ചു. വിരമിക്കല്‍ ആനുകൂല്യങ്ങള്‍, റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ പട്ടികയിലാക്കല്‍, നിര്‍ധന കുടുംബങ്ങളുടെ കെട്ടിട നിര്‍മാണത്തിനുള്ള തടസം, ആശുപത്രികളിലെ അടിസ്ഥാന സൗകര്യമില്ലായ്മ, റോഡുകളുടെ അപര്യാപ്തത, കുടിവെള്ള പ്രശ്‌നം തുടങ്ങി നൂറുകണക്കിന് വിഷയങ്ങളിലുള്ള പരാതികള്‍ കമ്മിഷന്റെ പരിഗണനയില്‍ വന്നു. പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകളും ആനുകൂല്യങ്ങളും യഥാസമയം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് നിരവധി പരാതികള്‍ ലഭിച്ചു.
വഴിതര്‍ക്കങ്ങളും വസ്തു തര്‍ക്കങ്ങളും പരിഹരിക്കുന്നതിനായി സര്‍വേ ഉദ്യോഗസ്ഥര്‍ വസ്തു അളന്നു തിട്ടപ്പെടുത്തി നല്‍കുന്നില്ലെന്നും പരാതികള്‍ ലഭിച്ചു. എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ടില്‍നിന്നു ലഭിക്കുന്ന പെന്‍ഷന്‍ യഥാസമയം ലഭിക്കാത്തത് സംബന്ധിച്ചും പരാതികള്‍ വന്നു. നൂറനാട് കുഷ്ഠരോഗ ആശുപത്രിയില്‍ സ്പഷാലിറ്റി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് ആശുപത്രി സൂപ്രണ്ട് കമ്മിഷന് ഉറപ്പു നല്‍കി. ടെക്‌സ്റ്റെയില്‍ കോര്‍പറേഷനില്‍ നിന്ന് വിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയതായി മാനേജിങ് ഡയരക്ടര്‍ കമ്മീഷനെ അറിയിച്ചു. പരാതികളെ തുടര്‍ന്നായിരുന്നു നടപടി.
125ലധികം പുതിയ പരാതികള്‍ അദാലത്തില്‍ ലഭിച്ചു. എതിര്‍ കക്ഷികളില്‍നിന്നു റിപ്പോര്‍ട്ട് ലഭിച്ച ശേഷം പുതിയ പരാതികളില്‍ തീരുമാനങ്ങളെടുക്കും. സാധാരണക്കാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് കമ്മിഷന്‍ ചൂണ്ടികാണിച്ചു. നിരവധി ഉദ്യോസ്ഥര്‍ അദാലത്തില്‍ പങ്കെടുത്തു.
ഇവരുടെ സാന്നിധ്യത്തില്‍ പരാതികള്‍ കൃത്യമായി പരിഹരിക്കാനും കഴിഞ്ഞു. റവന്യു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരാതികള്‍ക്ക് ഇട നല്‍കാതെ പ്രവര്‍ത്തിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. നൂറ് കണക്കിന് സാധാരണക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്കാണ് അദാലത്തില്‍ പരിഹാരം കണ്ടത്. കമ്മിഷന്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് റാഫിയും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."