ഓട്ടുകമ്പനി തൊഴിലാളികളുടെ ബോണസ് തര്‍ക്കം പരിഹരിച്ചു
ഫറോക്ക്: കഴിഞ്ഞ രണ്ടര മാസത്തോളമായി ഫറോക്ക്, ചെറുവണ്ണൂര്‍ മേഖലയില്‍ നിലനിന്നിരുന്ന ഓട്ടുകമ്പനി തൊഴിലാളികളുടെ ബോണസ് തര്‍ക്കം പരിഹരിച്ചു. വര്‍ധിപ്പിച്ച ബോണസ് 7,000 രൂപയുടെ പരിധി കണക്കാക്കി 13.5 ശതമാനത്തിലാണ് തീരുമാനമായത്. ഇന്നലെ കോഴിക്കോട് റീജിയനല്‍ ജോയിന്റ് ലേബര്‍ കമ്മിഷനറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നത്തിനു പരിഹാരമായത്. തീരുമാനപ്രകാരമുളള ബോണസ് ഓഗസ്റ്റ് പത്തിനകം വിതരണം ചെയ്യും.
കഴിഞ്ഞ വിഷുവിനോടനുബന്ധിച്ചാണ് ഓട്ടുകമ്പനി തൊഴിലാളികളുടെ ബോണസ് വിതരണം സംബന്ധിച്ച് ഉടമകളും തൊഴിലാളികളും തമ്മില്‍ തര്‍ക്കം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഏപ്രില്‍ 13ന് സൂചനാ പണിമുടക്കും നടത്തി. നാഷണല്‍, ഹിന്ദുസ്ഥാന്‍, വെസ്റ്റ്‌കോസ്റ്റ്, മലബാര്‍ ടൈല്‍സ് എന്നീ കമ്പനികളിലാണ് ബോണസ് തര്‍ക്കം നിലനിന്നിരുന്നത്. ഇതില്‍ അടച്ചുപൂട്ടിയ കാലിക്കറ്റ് ടൈല്‍സ് മാനേജ്‌മെന്റ് ചര്‍ച്ചയില്‍ പങ്കെടുത്തില്ല. അതേസമയം 13.5 ശതമാനമെന്ന തീരുമാനം ഇവര്‍ അംഗീകരിച്ചിട്ടുണ്ട്. കമ്പനി തുറക്കാതെ ബോണസ് വിതരണം ചെയ്യാനാകില്ല എന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ടു 20ന് ഉച്ചയ്ക്കു രണ്ടിനു വീണ്ടും ആര്‍.ജെ.എല്‍.സിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കും.
ഡി.എല്‍.ഒ, ആര്‍.ജെ.എല്‍.സി എന്നിവരുടെ സാന്നിധ്യത്തിലായി ബോണസ് വിഷയത്തില്‍ ഒന്‍പതു തവണ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ നിസാര കാരണങ്ങളില്‍ ചര്‍ച്ച അലസി തര്‍ക്കം നീളുകയായിരുന്നു. മേഖലയിലെ മറ്റു കമ്പനികള്‍ നേരത്തെ തന്നെ ബോണസ് വര്‍ധിപ്പിച്ചു നല്‍കി പ്രശ്‌നം പരിഹരിച്ചിരുന്നു. ചര്‍ച്ചയില്‍ ആര്‍.ജെ.എല്‍.സി സുനില്‍കുമാര്‍ കെ.എം, ഡി.എല്‍.ഒ വി.പി വിപിന്‍, തൊഴിലാളി സംഘടനാ പ്രതിനിധികളായ പി. സുബ്രഹ്മണ്യന്‍ നായര്‍, പി. പ്രവീണ്‍കുമാര്‍, പി. അഹമ്മദ്കുട്ടി, ഒ. ഭക്തവത്സലന്‍, എന്‍. സദാശിവന്‍, എം. സതീശന്‍, മാനേജ്‌മെന്റ് പ്രതിനിധികളായ എം.എ അബ്ദുറഹിമാന്‍, യു. രാജ്കുമാര്‍ കെ. ഗോപാലകൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."