കുരിശുപൊളിച്ചത് നിമയമവിരുദ്ധ നടപടി: സബ് കലക്ടര്‍ക്കെതിരേ വീണ്ടും സി.പി.എം
ചെറുതോണി: പാപ്പാത്തിചോലയില്‍ ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പ്രതീകമായി കരുതിപ്പോന്നിരുന്ന കുരിശ് ഇടിച്ചു തകര്‍ത്തും ജെ.സി.ബി ഉപയോഗിച്ച് വികൃതമാക്കുകയും ചെയ്ത ഉദ്യോഗസ്ഥ നടപടി നീചവും നിയമവിരുദ്ധവുമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ പറഞ്ഞു.
വര്‍ഷത്തിലൊരിക്കല്‍മാത്രം ദുഃഖവെള്ളി ദിനത്തില്‍ ക്രൈസ്തവ വിശ്വാസികള്‍ കുരിശുമല കയറി ഇവിടെയെത്തുന്നതിന്റെ പ്രതീകമായി സ്ഥാപിച്ചിരുന്നതാണ് കുരിശ്.
സഭകള്‍ ഇവിടെ ഒരുവിധത്തിലുമുള്ള കൈയേറ്റം നടത്തുകയോ, സ്ഥലം വകഞ്ഞെടുക്കുകയോ ഷെഡ് വെയ്ക്കുകയോ ചെയ്തിട്ടില്ല. ഇത്തരത്തിലുള്ള കുരിശുകളും കുരിശുമലകളും ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലുമുണ്ട്. കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നിടത്താണ് സാധാരണ 144 പ്രഖ്യാപിക്കുന്നത്.
ഇവിടെ യാതൊരുവിധത്തിലുള്ള സംഘര്‍ഷവും ഉണ്ടായിരുന്നില്ല. 144 പ്രഖ്യാപിക്കണമെങ്കില്‍ മുന്‍കൂട്ടി പ്രദേശവാസികളെ അറിയിക്കണം, മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തണം, ജില്ലാ കലക്ടറോ, സബ്കലക്ടറോ സ്ഥലത്ത് ക്യാംപ് ചെയ്യണം തുടങ്ങിയ നിയമ പ്രകാരം ചെയ്യേണ്ടതായ കാര്യങ്ങള്‍ ഒന്നും ചെയ്യാതെ പുലര്‍ച്ചെ നാല് മണിക്ക് ചാനലുകാരെയും കൂട്ടി നടത്തിയ ഈ നാലാംകിട നാടകം ശുദ്ധഅസംബന്ധമാണ്.
മത വിശ്വാസികള്‍ വിശ്വാസത്തിന്റെ പ്രതീകമായി കരുതിപ്പോരുന്ന മതചിഹ്നങ്ങളെ അപമാനിക്കുന്നത് മതസ്പര്‍ദ്ധ വളര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇത് ക്രിമിനല്‍ കുറ്റവും ഭരണഘടനാ വിരുദ്ധവുമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 153എ യും 195എ യും അനുസരിച്ച് ജാമ്യം കിട്ടാത്ത കുറ്റമാണ്.
1990 ലും 2004 ലും പട്ടയത്തിനായി അപേക്ഷ സ്വീകരിച്ചപ്പോള്‍ ദേവികുളത്ത് കുടിയേറിപ്പാര്‍ത്ത 200 പേരാണ് അപേക്ഷ നല്‍കിയത്. മൂന്നാറിന്റെ സാഹചര്യത്തെ മനസിലാക്കാതെ മാധ്യമ മാഫിയ പിടിപെട്ട ഉദ്യോഗസ്ഥര്‍ യഥാര്‍ഥത്തില്‍ ജോലി ചെയ്യാതെ വിലസി നടക്കുകയാണ്.
സബ് കലക്ടര്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ല. ദേവികുളത്തെ ജനങ്ങള്‍ നേരിടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്‌നം സബ് കലക്ടര്‍ക്ക് പ്രശ്‌നമേയല്ല.
ഉദ്യോഗസ്ഥര്‍ നടത്തുന്ന ഇത്തരം താന്തോന്നിത്തം അവസാനിപ്പിച്ച് സര്‍ക്കാരിന്റെ നയം നടപ്പിലാക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും കെ.കെ. ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."