കാസര്‍കോട് മെഡിക്കല്‍ കോളജ്: തൊഴുത്തുകെട്ടി സമരവുമായി ബി.ജെ.പി
ബദിയഡുക്ക: കാസര്‍കോട് മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ പ്രവര്‍ത്തനം തുടങ്ങാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഉക്കിനടുക്കയിലെ കെട്ടിട നിര്‍മാണ സ്ഥലത്ത് ബി.ജെ.പി തൊഴുത്തുകെട്ടി സമരം നടത്തി. തൊഴുത്തില്‍ കന്നുകാലികളെ കെട്ടിയാണു സമരത്തിന് പുത്തന്‍ രീതി കൈക്കൊണ്ടത്. ബി.ജെ.പി കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം.
നിര്‍മാണം ആരംഭിച്ചു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു സമരം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശമെന്ന നിലയില്‍ അവരുടെ ഉന്നമനത്തിനു വേണ്ടിയാണെന്ന് പ്രഖ്യാപനം നടത്തിയാണ് 2013 നവംബര്‍ 30ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടത്.അതിനു ശേഷം പ്രവൃത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങളും ഏറ്റവും ഒടുവിലായി തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ കിടപ്പുസമരവും നടത്തിയിരുന്നു. അതിനു ശേഷം 62 കോടി രൂപ ചെലവില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസ് കെട്ടിടം പണിയാനുള്ള അഗീകാരം ലഭിക്കുകയും തുടര്‍ന്നു കരാര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കെട്ടിടത്തിന്റെ ജോലി പൂര്‍ത്തിയായി വരികയുമാണ്. എന്നാല്‍ മെഡിക്കല്‍ കോളജ് കെട്ടിടം പണിയുന്നതിനു യാതൊരു നടപടികളും സ്വീകരിക്കാതെ അധികൃതര്‍ മൗനം പാലിക്കുന്നതായി ബി.ജെ.പി കുറ്റപ്പെടുത്തി. മാത്രവുമല്ല ജില്ലയുടെ വികസനങ്ങളില്‍ ഇടത്-വലത് മുന്നണികള്‍ കാട്ടുന്ന അനാസ്ഥക്കെതിരേയുള്ള സമരമാണിതെന്നും സര്‍ക്കാര്‍ ജില്ലയോടു കാട്ടുന്ന അവഗണനക്കെതിരേ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബി.ജെ.പി നേതൃത്വം പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് സമരം ഉദ്ഘാടനം ചെയ്തു. സതീശ് ചന്ദ്ര ഭണ്ഡരി കോളരി അധ്യക്ഷനായി. എം. സഞ്ചീവ ഷെട്ടി, രവീഷ് തന്ത്രി, ശൈലജ ഭട്ട് , സുധാമ ഗോസാഡ, വി. ബാലകൃഷ്ണ ഷെട്ടി, പുഷ്പ അമെക്കള, അഡ്വ.സദാനന്ദ റൈ, ഡി. ശങ്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."