മൂന്നാര്‍ ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചേക്കും; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് യോഗം
തിരുവനന്തപുരം: ഭരണപക്ഷത്തുനിന്ന് ശക്തമായ എതിര്‍പ്പുയരുകയും മുഖ്യമന്ത്രിതന്നെ അതൃപ്തി പ്രകടിപ്പിക്കുകയുംചെയ്ത സാഹചര്യത്തില്‍ മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചേക്കും. ഒഴിപ്പിക്കലിനെക്കുറിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രി ഇന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തോടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് അന്ത്യമാകുമെന്നാണ് സൂചന.
ഒഴിപ്പിക്കലിനെതിരേ നേരത്തേതന്നെ ഇടുക്കിയിലെ സി.പി.എം, കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അവിടെ സമരം നടക്കുകയും ചെയ്തു. എന്നാല്‍, ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടാണ് റവന്യൂ വകുപ്പും വകുപ്പു കൈകാര്യം ചെയ്യുന്ന സി.പി.ഐയും സ്വീകരിച്ചിരിക്കുന്നത്. ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയുമാണ്. ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് ഇന്നലെ പൊളിച്ചതോടെ ജില്ലയിലെ വിവിധ കക്ഷി നേതാക്കള്‍ എതിര്‍പ്പ് ശക്തമാക്കിയിരിക്കുകയാണ്. ഒഴിപ്പിക്കല്‍ നര്‍ത്തിവയ്ക്കാന്‍ സര്‍ക്കാരിനുമേല്‍ ശക്തമായ സമ്മര്‍ദവുമുണ്ട്.
ഒഴിപ്പിക്കല്‍ നടപടികള്‍ ഈ നിലയില്‍ മുന്നോട്ടുപോകുന്നതിന്റെ പേരില്‍ ഇടുക്കി ജില്ലാ കലക്ടറെ മുഖ്യമന്ത്രി ശാസിച്ചിട്ടുമുണ്ട്. കുരിശ് ഉണ്ടായിരുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയായിരുന്നെന്നും അതു പൊളിക്കേണ്ടിയിരുന്നില്ലെന്നും കലക്ടറോട് മുഖ്യമന്ത്രി പറഞ്ഞതായാണ് സൂചന.
ഇന്ന് ചേരുന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം ഉണ്ടായേക്കുമെന്ന് അറിയുന്നു. എന്നാല്‍, നടപടി നിര്‍ത്തിയതായി പ്രഖ്യാപനമുണ്ടാവില്ല. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നടപടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്നും വിശദമായി പരിശോധിച്ച ശേഷം നടപടി തുടരുമെന്നുമുള്ള പ്രഖ്യാപനമായിരിക്കും സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുക. ദേവികുളം സബ് കലക്ടറെ സ്ഥലം മാറ്റിയേക്കുമെന്നും സൂചനയുണ്ട്.
ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവയ്ക്കുന്നത് ഭരണമുന്നണിക്കുള്ളില്‍ വീണ്ടും പരസ്യ പോരിന് വഴിയൊരുക്കിയേക്കും. വിവിധ വിഷയങ്ങളില്‍ സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള ഭിന്നാഭിപ്രായങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കാനുള്ള നീക്കത്തിലാണ് ഇരു കക്ഷികളുടെയും നേതാക്കള്‍.
ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കുന്നതോടെ തര്‍ക്കം വീണ്ടും രൂക്ഷമാവാനാണ് സാധ്യത. ഇന്നുചേരുന്ന ഇടതുമുന്നണി യോഗത്തിലും ഈ വിഷയം തര്‍ക്കങ്ങള്‍ക്കിടയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."