ഏഷ്യന്‍-പസഫിക് കാര്‍ റാലി ചാംപ്യന്‍ഷിപ്പിന് മലയാളിയും
കൊച്ചി: 2016ലെ ഇന്ത്യന്‍ റാലി ചാംപ്യനായ തൃശൂര്‍ സ്വദേശി പി.ജി അഭിലാഷ് ഏഷ്യന്‍-പസഫിക് കാര്‍ റാലി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മത്സരിക്കും. ഈ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ആദ്യ മലയാളിയാണ് അഭിലാഷ്. കര്‍ണാടകക്കാരനായ ശ്രീകാന്ത് ഗൗഡയാണ് നാവിഗേറ്റര്‍. ആറ് റൗണ്ടുകളില്‍ നിന്ന് ഏറ്റവും അധികം പോയിന്റ് നേടുന്ന ടീമിനെയാണ് ഏഷ്യ, പസഫിക് കപ്പ് ജേതാക്കളായി പ്രഖ്യാപിക്കുന്നത്. ഓപണ്‍ ക്ലാസ്, പ്രൊഡക്ഷന്‍ ക്ലാസ്, ടു വീല്‍ ഡ്രൈവ് ഗ്ലാസ് എന്നീ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പ്രൊഡക്ഷന്‍ ക്ലാസ് വിഭാഗത്തിലാണ് അഭിലാഷ് മാറ്റുരയ്ക്കുന്നത്.
ഇന്ത്യയിലെ ചിക്ക്മംഗലൂരിന് പുറമേ ന്യൂസിലന്‍ഡ്, ആസ്ത്രേലിയ, ചൈന, മലേഷ്യ, ജപ്പാന് എന്നിവിടങ്ങളിലാണു മത്സരങ്ങള്‍ നടക്കുന്നത്. 780 കിലോമീറ്ററിലാണ് ആദ്യറൗണ്ട് മത്സരം. ഇതില്‍ 260 കിലോമീറ്റര്‍ ദൂരം 140 കിലോമീറ്റര്‍ ശരാശരി വേഗതയിലാണ്. 180- 200 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കേണ്ട ഫാങ്കുറെ സ്റ്റേജുകളുള്ളതിനാല് ലോകത്തിലെ ഏറ്റവും മികച്ച റാലികളിലൊന്നാണിതെന്ന് അഭിലാഷ് പറഞ്ഞു.
മറ്റുള്ള ടീമുകളെ അപേക്ഷിച്ചു മുന്‍പരിചയം കുറവായതിനാല്‍ വളരെ ശ്രദ്ധയോടെയാണ് ആദ്യ റൗണ്ടില്‍ മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം റൗണ്ട് ഈ മാസം 27, 28 തിയതികളില്‍ ആസ്ത്രേലിയയിലെ കാന്‍ബെറയിലാണ് അരങ്ങേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."