വെള്ളിനേഴി കലാഗ്രാമത്തെ അറിയാന്‍ വിദേശ സംഘമെത്തി
ശ്രീകൃഷ്ണപുരം: വെള്ളിനേഴി കലാഗ്രാമത്തെ അറിയാന്‍ 30 അംഗ വിദേശികള്‍ കലാ ഗ്രാമത്തില്‍ എത്തി. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലിന്റെ കീഴിലാണ് വിദേശികള്‍ കലാ ഗ്രാമത്തിലെത്തിയത്. 21 രാജ്യങ്ങളില്‍നിന്നാണ് കലകളെക്കുറിച്ച് പഠിക്കാന്‍ ഇവര്‍ എത്തിയത്. എഴുത്തുകാര്‍, സാഹിത്യ രംഗത്തുള്ളവര്‍ ആണ് സംഘത്തില്‍ ഉള്ളത്. കണിക്കൊന്ന നല്‍കിയും, തിറ, പൂതന് കളി എന്നീ കളികളോടെയും അവരെ സ്വീകരിച്ചു.
വെള്ളിനേഴി കലാ സാംസ്‌കാരിക കേന്ദ്രത്തില്‍ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് പരിചയപ്പെടുത്തി. കഥകളി അവതരണം, തോല്‍പ്പാവകൂത്തു, അടക്കാപുത്തൂര്‍ ലോഹ കണ്ണാടി, കോപ്പ് നിര്‍മാണം, പൂതന്‍ തിറ, കരകൗശല നിര്‍മാണം, ഉല്‍പ്പാദന രീതി, കൈത്തറി വസ്ത്ര നിര്‍മാണം എന്നിവയെല്ലാം അവര്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു. കേരളീയ ഭക്ഷണവും ഇവര്‍ക്കായി ഒരുക്കി. പകല്‍ മുഴുവന്‍ കലാ ഗ്രാമത്തില്‍ അവര്‍ ചെലവഴിച്ചു. കേരളീയ കലാ രൂപത്തെ അടുത്തറിഞ്ഞതില്‍ അവര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. വെള്ളിനേഴി കലാഗ്രാമത്തെ ലോക ടൂറിസം ഭൂപടത്തില്‍ കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് ഇത്തരം ഉദ്യമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."