പൊന്മന കന്നിട്ട കടവിലെ ആക്രമണം; ഒരാള്‍ അറസ്റ്റില്‍
ചവറ: കഴിഞ്ഞ ചൊവ്വാഴ്ച പൊന്മന കന്നിട്ട കടവില്‍ നടന്ന ആക്രമണത്തില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. അക്രമ സംഘത്തില്‍ ഉള്‍പ്പെട്ട പന്മന സെവന്റീന്‍ കോളനിയില്‍ കൊള്ള പുറത്ത് വീട്ടില്‍ ബ്രിട്ടോ എന്ന രാജേഷി (36)നെയാണ് ചവറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍, എസ്.ഐ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. അക്രമണ സംഘത്തില്‍പ്പെട്ട പരിക്കേറ്റ ഓലംതുരുത്ത് അഖില്‍ ഭവനത്തില്‍ അപ്പുണ്ണി എന്ന അഖില്‍ (27), പൊന്മന കലാലയത്തില്‍ ശ്രീകുമാര്‍ (30) എന്നിവര്‍ പൊലിസിന്റെ നിരീക്ഷണത്തില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെയാണ് കൊലപാതക ശ്രമത്തിന് കേസെടുത്തിരിക്കുന്നത്. മറുവിഭാഗത്തില്‍പ്പെട്ട പൊന്മന നിഷാലയത്തില് പ്രശാന്ത് (36), പൊന്മന ചൊക്കന് തറയില്‍ രതീഷ് ( 32), പൊന്മന പുത്തന്‍പുരയില്‍ വിഷ്ണു (26) എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കെതിരെയും കേസെടുത്തതായി പൊലിസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി. തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ് പറഞ്ഞു.
ചാവ്വാഴ്ച്ച രാത്രി 10.30 നായിരുന്നു സംഭവം. അന്നേദിവസം രാത്രി 9ന് പ്രശാന്ത് മകനുമായി വീട്ടിലേക്ക് ബൈക്കില്‍ വരവേ കന്നിട്ട കടവില്‍ വെച്ച് അക്രമ സംഘത്തില്‍പ്പെട്ട ചിലര്‍ തടഞ്ഞ് നിര്‍ത്തി അസഭ്യം പറയുകയും അടിക്കുകയും ചെയ്തിരുന്നു. നാട്ടുകാര്‍ ഓടി വരുന്നത് കണ്ട് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രശാന്ത് സുഹൃത്തുക്കള്‍ക്കൊപ്പം ചവറ പൊലിസില്‍ പരാതി നല്കി തിരികെ വന്ന് കന്നിട്ട കടവില്‍ നില്ക്കുമ്പോള് ആണ് ഏഴ് ബൈക്കുകളിലായി എത്തിയ സംഘം അക്രമിച്ചതെന്ന് പൊലിസിന് നല്കിയ മൊഴിയില്‍ പറയുന്നു. സംഭവസ്ഥലത്ത് രക്തം തളം കെട്ടിയ നിലയില്‍ ആയിരുന്നു. പ്രശാന്ത് എസ്.എന്‍.ഡി.പി പൊന്മന ശാഖാ സെക്രട്ടറിയും ഐ.എന്‍.ടി.യു.സി പന്മന മണ്ഡലം പ്രസിഡന്റുമാണ്. അഖിലും ശ്രീകുമാറും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."