'വയനാട്ടുകാരെ കേള്‍ക്കാനും പറയാനും ഒരാള്‍..'
സുല്‍ത്താന്‍ ബത്തേരി: 'വയനാട്ടുകാരെ കേള്‍ക്കാനും പറയാനും ഒരാളായി..' കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നത് അറിഞ്ഞ ഒരു കര്‍ഷകന്റെ പ്രതികരണമാണിത്. വികസനകാര്യങ്ങളില്‍ ഏറെ പിന്നിലുള്ള വയനാടിന് ഏറെ ഗുണം ചെയ്യുന്നതാണിതെന്നും ആ കര്‍ഷകന്‍ അഭിപ്രായപ്പെട്ടു.
മണ്ഡലത്തില്‍നിന്ന് രാഹുല്‍ഗാന്ധി മത്സരിക്കുന്നത് ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ തെരഞ്ഞെടുപ്പ് ആവേശമാകുമെന്ന അഭിപ്രായമാണ് വ്യാപകമായി ഉയര്‍ന്നു കേള്‍ക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍നിന്നു മത്സരിക്കുമ്പോള്‍ വയനാട് ജില്ലയിലെ കാര്‍ഷികമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍, വന്യമൃഗശല്യം, രാത്രിയാത്ര നിരോധനം, നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് റെയില്‍പാത, ശ്രീചിത്തിര മെഡിക്കല്‍ കോളജ് എന്നീ വിഷയങ്ങള്‍ കേന്ദ്രത്തില്‍ കൃത്യമായി എത്താനും പരിഹരിക്കപ്പെടാനും സാധിക്കുമെന്നാണ് പാര്‍ട്ടി ഭേദമന്യേ ഭൂരിഭാഗം ജനങ്ങളുടെയും വിലയിരുത്തല്‍.
ഗോത്രവര്‍ഗ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും യുവജനങ്ങള്‍ക്ക് ഏറെ കാര്യങ്ങള്‍ നേടാനും രാഹുലിന്റെ സാന്നിധ്യം ഉപകരിക്കുമെന്നും അഭിപ്രായമുണ്ട്. എന്നാല്‍ പതിറ്റാണ്ടുകള്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടും വയനാടിന് പ്രത്യേകിച്ച് ഗുണമുണ്ടായിട്ടില്ലെന്ന ആക്ഷേപമുന്നയിക്കുന്നവരും ഇനി മാറ്റമുണ്ടാകുമോയെന്ന് ചോദിക്കുന്നവരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."