പള്ളങ്ങള്‍ മൂടി കുഴല്‍ക്കിണറുകള്‍ കുഴിച്ചു; കാരാക്കോട്ട് കുടിവെള്ളം കിട്ടാതായി
രാജപുരം: സോളാര്‍ പാര്‍ക്ക് വന്ന് നാട്ടില്‍ വെളിച്ചം കൂടിയപ്പോള്‍ നാട്ടുകാര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായി. മടിക്കൈ പഞ്ചായത്തിലെ കാരാക്കോട്ടെ ജനങ്ങളാണ് ജീവജലം കിട്ടാതെ ദുരിതമനുഭവിക്കുന്നത്. പട്ടത്ത്മൂല നായരടുക്കം കോളനിയിലെ പട്ടികവര്‍ഗ കുടുംബങ്ങളാണ് വെള്ളത്തിനായി നെട്ടോട്ടമോടുന്നത്. 40 കുടുംബങ്ങളാണ് ഇവിടെ ദുരിതത്തിലായത്. സമീപത്തെ സോളാര്‍ പാര്‍ക്ക് യാഥാര്‍ഥ്യമായി വികസനം വന്നപ്പോള്‍ തങ്ങളുടെ കുടിവെള്ളം മുട്ടിയെന്നാണ് കോളനിക്കാരുടെ പരാതി. പാര്‍ക്ക് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജലസ്രോതസുകളായ എട്ടു പള്ളങ്ങളാണ് മണ്ണിട്ടു മൂടിയത്. ഇതിന്റെ തുടര്‍ച്ചയായി പാര്‍ക്കിനകത്ത് നിരവധി കുഴല്‍ക്കിണറുകളും കുഴിച്ചു.
ജലസ്രോതസ് ഇല്ലാതാക്കി വെള്ളം ഊറ്റിയെടുക്കാന്‍ തുടങ്ങിയതോടെയാണ് വേനലിന്റെ തുടക്കത്തില്‍തന്നെ പ്രദേശം കൊടുംവരള്‍ച്ചയിലായത്. കണ്ണെത്താദൂരത്തുനിന്ന് കുടങ്ങളും തലയിലേന്തി കാല്‍നടയായി കുടിവെള്ളം തേടിയുള്ള കോളനിക്കാരുടെ യാത്ര വരള്‍ച്ചയുടെ കാഠിന്യത്തിന്റെ നേര്‍ക്കാഴ്ചയാകുന്നു. ഇവിടെ ഉണ്ടാക്കിയ കുടിവെള്ള വിതരണ പദ്ധതിയും നോക്കുകുത്തിയായി. ഈ പദ്ധതി പ്രാവര്‍ത്തികമാക്കണമെന്ന കോളനിക്കാരുടെ നിരന്തര ആവശ്യം അധികൃതര്‍ അവഗണിച്ചുവെന്ന പരാതിയുമുണ്ട്. ഇതിനെതിരേ സമരത്തിനൊരുങ്ങുകയാണ് ജനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."