ശാപമോക്ഷം കാത്ത് തൃക്കാക്കര നഗരസഭാ ബസ് സ്റ്റാന്‍ഡ്
കാക്കനാട് : മാറിവരുന്ന സര്‍ക്കാരുകള്‍ സംരക്ഷണത്തിനായി ഫണ്ട് അനുവദിച്ചെന്നും പറഞ്ഞിട്ടും തൃക്കാക്കര നഗരസഭാ ബസ് സ്റ്റാന്‍ഡിന് ശാപമോക്ഷമില്ല. സ്വകാര്യ സ്‌കൂള്‍ ബസിന്റേയും കാറുകളുടേയും ഇരുചക്രവാഹനങ്ങളുടേയും പാര്‍ക്കിങ് സ്ഥലമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ബസ് സ്റ്റാന്‍ഡ്. ഇതിനുപുറമേ സ്വകാര്യ ബസുകളുടേയും ഓട്ടോകളുടേയും വര്‍ക്ക് ഷോപ്പ് സ്ഥലമായും ഇവിടം ഉപയോഗിക്കുന്നു. മാത്രമല്ല തെരുവു നായ്ക്കളുടേയും മറ്റും വാസസ്ഥലമായി ഇപ്പോളിവിടം.
ജില്ലാ ഭരണ കേന്ദ്രത്തിന്റേയും ഐ.ടി ഹബ്ബിന്റെയും ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബസ്സ് സ്റ്റാന്റില്‍ സ്വകാര്യ ബസുകള്‍ കയറാന്‍ പോലും താല്‍പര്യം കാണിക്കുന്നില്ല. നിലവിലെ സിവില്‍ സ്റ്റേഷന്‍ ബസ്സ് സ്‌റ്റോപ്പില്‍ ഒരേ സമയം മൂന്ന് ബസുകള്‍ മാത്രമേ പ്രവേശിക്കാവൂ എന്ന ജില്ലാ കലക്ടറുടെ ഉത്തരവ് കൂട്ടമായി ബസുകള്‍ കയറുന്നതുമൂലം ലംഘിക്കപ്പെടുകയാണ്. ഇതുമൂലം ഏറ്റവും തിരക്കുള്ള സിവില്‍ സ്റ്റേഷന്‍ ബസ്സ് സ്റ്റോപ്പ് പരിസരത്ത്് നിരന്തരം വാഹന ഗതാഗതം കുരുക്ക് ഉണ്ടാകുന്നു.
തൃക്കാക്കര നഗരസഭയുടെ ബസ്സ് സ്റ്റാന്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാത്തത് കൊണ്ടാണ് സ്വകാര്യ ബസ്സുകള്‍ കയറാന്‍ മടിക്കുന്നത് എന്നാണ് ബസ്് ജീവനക്കാര്‍ പറയുന്നത്. നഗരസഭ സ്റ്റാന്‍ഡ് ഫീസിനത്തില്‍ ഓരോ ബസ്സില്‍ നിന്നും ദിവസവും പത്തു രൂപ വാങ്ങുകയും അങ്ങനെ ഓരോ വര്‍ഷവും മൂന്നു ലക്ഷം രൂപയോളം പിരിച്ചെടുക്കുന്നു. അതു പോലെ ഷോപ്പിങ്് കോംപ്ലക്‌സ് വാടകയും പിരിക്കുന്നു. എന്നാല്‍ ബസ് സ്റ്റാന്‍ഡില്‍ ഒരു തരത്തിലുമുള്ള പ്രഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കിക്കൊടുക്കാന്‍ നഗരസഭ താല്‍പര്യം കാണിക്കുന്നില്ല.
നിലവിലുള്ള കംഫര്‍ട്ട് സ്റ്റേഷനാകട്ടെ പൂട്ടിയ നിലയിലാണ്. ഷോപ്പിങ് കോംപ്ലക്‌സിലെ ബാത്ത്‌റൂമുകള്‍ കച്ചവടക്കാര്‍ കൈയടക്കി വച്ചിരിക്കുന്ന അവസ്ഥയാണ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ നഗരസഭയുടെ ഭാഗത്തുനിന്നും നടക്കാത്തതിനാല്‍ യാത്രക്കാര്‍ നട്ടം തിരിയുകയാണ്.
പൊട്ടിയൊലിക്കുന്ന കക്കൂസ് ടാങ്കിലെയും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന യൂനിറ്റിലെയും രൂക്ഷഗന്ധവും മൂലം ബസ് സ്റ്റാന്‍ഡിലേക്ക് മൂക്കു പൊത്തി കയറേണ്ട അവസ്ഥയാണിന്നുള്ളത്. സിവില്‍ സ്റ്റേഷന്‍, ജില്ലാ പഞ്ചായത്ത് ഓഫീസ്, തൃക്കാക്കര നഗരസഭ, ഹോസ്പിറ്റലുകള്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങളും, വ്യവസായ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഇവിടെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്നു. ഇവരുടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ പോലും ഒരു സൗകര്യവും നിലവിലുള്ള ബസ്സ് സ്റ്റാന്‍ഡിലോ സമീപ സ്ഥലങ്ങളിലോ ചെയ്തു കൊടുക്കുവാന്‍ നഗരസഭാ അധികാരികള്‍ താല്‍പര്യം കാണിക്കുന്നില്ല. ഇതിനെ കുറിച്ച് നഗരസഭ പറയുന്നത് വലിയ ബസ്സ് ടെര്‍മിനലുകളും ഷോപ്പിങ്ങ് മാളുകളും പണിയാന്‍ പോകുന്നു എന്ന് സ്ഥിരം പല്ലവിയും.
ബസ് ടെര്‍മിനലും ഷോപ്പിങ് മാളുകളും പണിയുന്നതുവരെ ഒരു താല്‍ക്കാലിക സംവിധാനം ഒരുക്കി എല്ലാ ബസുകളും സ്റ്റാന്‍ഡിലൂടെ സര്‍വീസ് ആരംഭിക്കാനുള്ള സൗകര്യം ചെയ്ത് ബസ് സ്റ്റാന്‍ഡിനെ സംരക്ഷിക്കാനുള്ള ആര്‍ജവം നഗരസഭ സ്വീകരിക്കണമെന്ന് ബസ് ജീവനക്കാരും യാത്രക്കാരും ഒരുപോലെ ആവശ്യപ്പെടുന്നു. സുരക്ഷ ജീവനക്കാരെ നിശ്ചയിക്കാത്തതുമൂലം ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്ന കുടുംബശ്രീ ഓട്ടോകളില്‍ നിന്നും ടയറുകളും മറ്റും മോഷണം പോകുന്നത് നിത്യ സംഭവമാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."