രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, അമേത്തിയില്‍ ബി.ജെ.പിക്കെതിരെ വോട്ടുചെയ്യും: യെച്ചൂരി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറ്റാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുല്‍ ഗാന്ധിയുടെ മറ്റൊരു മണ്ഡലമായ അമേത്തിയില്‍ ബി.ജെ.പിക്കെതിരെ വോട്ടുചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിക്കെതിരെ പരമാവധി വോട്ട് പോള്‍ ചെയ്യിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആര് ബി.ജെ.പിയെ തകര്‍ക്കുന്നു അവര്‍ക്കാണ് പിന്തുണ നല്‍കുക. ഇത് വ്യക്തമായ രാഷ്ട്രീയ നിലപാടാണ്. സഖ്യങ്ങളെല്ലാം തെരഞ്ഞെടുപ്പിനു ശേഷമാണുണ്ടാവുക. 2004 ല്‍ ഇടതുപക്ഷം 61 സീറ്റ് നേടി. അതില്‍ 57 ഉും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി നേടിയ വിജയമാണ്. എന്നിട്ടും കോണ്‍ഗ്രസിന് പിന്തുണ നല്‍കി. പ്രധാന അജണ്ട വര്‍ഗീയത ചെറുക്കുക എന്നത് തന്നെയാണെന്നും യെച്ചൂരി വ്യക്തമാക്കി.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാരാണ് അധികാരത്തില്‍ വരികയെന്നും യെച്ചൂരി പറഞ്ഞു. ബി.ജെ.പിയെ ഭരണത്തില്‍നിന്ന് പുറത്താക്കുകയാണ് ഇടതുപക്ഷത്തിന്റെ പ്രധാനലക്ഷ്യം.
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് മോദി ചെയ്തുകൊണ്ടിരുന്നത്. ജനങ്ങള്‍ക്ക് ഉപകാരമുള്ള ഒന്നും അവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസിനെ എന്തിനാണോ അധികാരത്തില്‍നിന്ന് പുറത്താക്കിയത് അതേ കൊള്ളരുതായ്മകള്‍ തന്നെയാണ് ബി.ജെ.പി ഭരണത്തിലും ഉണ്ടായിരുന്നത്. മോദി ഭരണം രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ത്തു. ബഹിരാകാശത്തില്‍വരെ ചൗക്കിദാറാണ് എന്നാണ് മോദിയുടെ വാദം.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും യെച്ചൂരി ചോദിച്ചു. സോണിയ ഗാന്ധി റായ്ബറേലിയിലും ബെല്ലാരിയിലും മത്സരിച്ചിട്ടുണ്ട്. തെക്കും വടക്കും തമ്മിലാണ് മത്സരം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഭയം കൊണ്ടാണോ ഇത്തരത്തില്‍ മത്സരിക്കുന്നതെന്ന് തനിക്കറിയില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് യെച്ചൂരി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."