ആണവത്തര്‍ക്കത്തില്‍ ചൈനയുടെ നയംമാറ്റം; ഉ.കൊറിയക്ക് വിമര്‍ശനവും യു.എസിന് പ്രശംസയും
ബെയ്ജിങ്: ഉ.കൊറിയയുടെ നിരന്തരമായ ആണവ പരീക്ഷണ പ്രകോപനങ്ങളെ തുടര്‍ന്ന് ചൈന നിലപാട് മാറ്റുന്നു. ആണവ വിഷയത്തില്‍ ഉ.കൊറിയക്കെതിരേ കടുത്ത വിമര്‍ശനവും അമേരിക്കക്ക് പ്രശംസയുമായി ചൈനീസ് അധികൃതര്‍ രംഗത്തെത്തി.
അടുത്തിടെയുള്ള ഉ.കൊറിയയുടെ ആണവ, മിസൈല്‍ നടപടികള്‍ ആശങ്കാജനകമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലൂ കാങ് വ്യക്തമാക്കി. ഉ.കൊറിയയുടെ നടപടികളെ കുറിച്ച് അമേരിക്ക നടത്തിയ പ്രസ്താവനകളെ അദ്ദേഹം പ്രശംസിച്ചു. വിഷയത്തില്‍ ഗുണപരവും ക്രിയാത്മകവുമായ അഭിപ്രായപ്രകടനങ്ങളാണ് അമേരിക്കന്‍ അധികൃതര്‍ നടത്തിയത്. കൊറിയന്‍ രാഷ്ട്രങ്ങള്‍ക്കിടയിലെ ആണവ വിഷയങ്ങള്‍ പരിഹരിക്കാന്‍ ഏതുതരം സമാധാനമാര്‍ഗങ്ങളും അവലംബിക്കുമെന്നാണ് അവര്‍ വ്യക്തമാക്കിയത്. ഇതിനെ തങ്ങള്‍ ശരിയാണെന്നു വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതായും ലൂ കാങ് അറിയിച്ചു.
ശത്രുതയും സംഘര്‍ഷവും സൃഷ്ടിക്കുന്ന എല്ലാ നടപടികളെയും വാക്കുകളെയും ചൈന ശക്തമായി എതിര്‍ക്കുന്നുവെന്നും ലൂ കാങ് വ്യക്തമാക്കി.
ഉ.കൊറിയക്കു പിന്‍ബലം നല്‍കുന്ന ചൈന അവരെ അടക്കിനിര്‍ത്താന്‍ തയാറായില്ലെങ്കില്‍ തങ്ങള്‍ സ്വന്തം നടപടികളെടുക്കുമെന്ന് നേരത്തെ യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."