വന്നല്ലോ... രാഹുല്‍
ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട സസ്‌പെന്‍സിനു വിരാമമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഇന്നലെ രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ സിറ്റിങ് മണ്ഡലമായ ഉത്തര്‍പ്രദേശിലെ അമേത്തിക്കു പുറമേയാണ് രാഹുല്‍ വയനാട്ടിലും ജനവിധി തേടുന്നത്. നാമനിര്‍ദേശ പത്രിക എന്ന് നല്‍കുമെന്നത് പിന്നീട് തീരുമാനിക്കും. വ്യാഴാഴ്ചയാണ് കേരളത്തില്‍ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന അവസാന ദിവസം.
വയനാട്ടില്‍ തീരുമാനം ഉണ്ടായതിനു പിന്നാലെ വടകരയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനവും ഔദ്യോഗികമായി പുറത്തുവന്നു. വൈകിട്ടോടെ കോണ്‍ഗ്രസ് പുറത്തുവിട്ട പട്ടികയില്‍ കെ. മുരളീധരന്റെ പേരും ഉണ്ടായിരുന്നു.
ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ ആദ്യമായി കേരളത്തില്‍ മത്സരിക്കുമ്പോള്‍ അതിന്റെ ആവേശം ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലും പ്രതിഫലിക്കും. 1996ല്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ മത്സരിച്ച അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആണ് അവസാനമായി ദക്ഷിണേന്ത്യയില്‍ നിന്നു മല്‍സരിച്ച ഗാന്ധി കുടുംബാംഗം.
കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെ അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് സോണിയ പരാജയപ്പെടുത്തിയത്. സോണിയയുടെ സാന്നിധ്യം കാരണം ദക്ഷിണേന്ത്യയില്‍ നിന്ന് അന്ന് 60 സീറ്റുകളാണ് കോണ്‍ഗ്രസ് ആ തെരഞ്ഞെടുപ്പില്‍ നേടിയത്.
ഇത്തവണ രാഹുല്‍ വയനാട്ടിലെത്തുമ്പോള്‍ കര്‍ണാടക- കേരള സംസ്ഥാനങ്ങളില്‍ നിന്നായി 40 സീറ്റും തമിഴ്‌നാട്- തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നായി 10 സീറ്റും അടക്കം ദക്ഷിണേന്ത്യയില്‍നിന്ന് 50 സീറ്റാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
വയനാടിന് നറുക്ക്...
അമേത്തിക്കു പുറമേ കൂടുതല്‍ സുരക്ഷിതമായ മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നതോടെയാണ് വയനാട്ടിലേക്കുള്ള രാഹുല്‍ യാത്രയുടെ തുടക്കം.
ഉത്തരേന്ത്യയില്‍ പരാജയഭീതി പൂണ്ട ബി.ജെ.പി ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ശ്രമം നടത്തുന്നത് ദോഷകരമാകുമെന്ന് പാര്‍ട്ടി കരുതി. അതിനുതടയിടാന്‍ രാഹുല്‍ എന്ന വന്‍മതിലിന്റെ സാന്നിധ്യം ഗുണകരമാകും. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തിയ സീറ്റുകള്‍ പോലും പിടിച്ചെടുക്കാന്‍ ഉപകരിക്കുമെന്നും കരുതി.
കേരളത്തിനു പുറമേ കര്‍ണാടകവും തമിഴ്‌നാടും രാഹുലിനായി ശ്രമമാരംഭിച്ചു. കര്‍ണാടകത്തിലെ സുരക്ഷിതമെന്നു കരുതുന്ന മണ്ഡലങ്ങളില്‍പോലും സാഹസത്തിനു മുതിരാന്‍ കോണ്‍ഗ്രസ് മടിച്ചു. കേരളമാകട്ടെ, ഇതിനിടയില്‍ വാദഗതി ശക്തമാക്കി. തമിഴ്‌നാട് കണ്ടുവച്ച മണ്ഡലങ്ങളും നേതൃത്വം പരിശോധിച്ചു. അവിടെ സുരക്ഷിത സീറ്റുകളില്‍ ഉറപ്പ് നല്‍കാന്‍ തമിഴ്‌നാട് കോണ്‍ഗ്രസ് നേതൃത്വത്തിനായില്ല. കേരളമാകട്ടെ സുരക്ഷിത മണ്ഡലമായ വയനാട്ടില്‍ രാഹുലിനായി കാത്തിരിപ്പ് തുടര്‍ന്നു.
കോണ്‍ഗ്രസില്‍ കേരളത്തിന് മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ ശക്തമായ സ്വാധീനമുണ്ട്. സോണിയയും രാഹുലും ഉപദേശം തേടുന്ന പ്രധാന നേതാവായി എ.കെ ആന്റണി മാറി. എ.ഐ.സി.സി ജന. സെക്രട്ടറിയായ കെ.സി വേണുഗോപാലിന് രാഹുല്‍ ഗാന്ധിയിലുള്ള സ്വാധീനം, ദേശീയ നേതൃത്വത്തിലേക്ക് മാറിയ ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം, ദേശീയ നേതൃത്വം കേരളത്തിലേക്ക് നിയോഗിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവരുടെ സ്വാധീനം കൂടിയായതോടെ വയനാട്ടിലേക്ക് രാഹുല്‍ വരുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.
എട്ടുദിന സസ്‌പെന്‍സ്...
8മാര്‍ച്ച് 23: ദക്ഷിണേന്ത്യയില്‍ നിന്ന് മല്‍സരിക്കാനും അത് വയനാട് തന്നെയാവണമെന്നും രാഹുല്‍ഗാന്ധിയോട് കെ.പി.സി.സി അഭ്യര്‍ഥിച്ചെന്ന് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
8മാര്‍ച്ച് 24: തീരുമാനം ഈ ദിവസം ഉണ്ടാവുമെന്ന് പറഞ്ഞെങ്കിലും ഉണ്ടായില്ല. മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നെങ്കിലും രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായില്ല.
8മാര്‍ച്ച് 25: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്നെങ്കിലും അതില്‍ തീരുമാനമായില്ല. പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം വാഗ്ദാനം ചെയ്യുന്ന പ്രഖ്യാപനത്തിന് അന്തിമരൂപം നല്‍കുക മാത്രമാണ് യോഗത്തിലുണ്ടായത്.
8മാര്‍ച്ച് 26, 27: രാഹുലിന്റെ വരവിനെതിരേ കേരളവും ഡല്‍ഹിയും കേന്ദ്രീകരിച്ച് ഇടതുപക്ഷം സമ്മര്‍ദം ശക്തമാക്കുന്നു. ഇതിനൊടുവില്‍ രാഹുല്‍ വയനാട്ടില്‍ മല്‍സരിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത്.
8മാര്‍ച്ച് 28: രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനായി എ.കെ ആന്റണിയും കെ.സി വേണുഗോപാലും ഒരിക്കല്‍ക്കൂടി സമ്മര്‍ദം ചെലുത്തുന്നു. ഇതിനായി ഇരുവരും ഡല്‍ഹിയില്‍.
8മാര്‍ച്ച് 29: ദക്ഷിണേന്ത്യയില്‍ മല്‍സരിക്കണമെന്ന ആവശ്യം ന്യായമെന്ന് രാഹുല്‍. മല്‍സരിക്കുമെന്നു കരുതിയ ദക്ഷിണകന്നഡയില്‍ പത്രിക സമര്‍പ്പിക്കാനുള്ള തിയതി അവസാനിക്കുന്നു.
8മാര്‍ച്ച് 30: ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. തീരുമാനം വൈകരുതെന്ന് യു.ഡി.എഫിലെ പ്രധാന കക്ഷി മുസ്‌ലിംലീഗ്.
മാര്‍ച്ച് 30ന് രാത്രിയും മാര്‍ച്ച് 31ന് രാവിലെയും
ഉത്തരേന്ത്യയിലെ പ്രചാരണം കഴിഞ്ഞ് മാര്‍ച്ച് 30 ശനിയാഴ്ച വൈകിട്ടോടെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെത്തി. നേരെ എ.ഐ.സി.സി ആസ്ഥാനത്തേക്ക്. കാത്തിരുന്ന മുതിര്‍ന്ന നേതാക്കളുമായി തിരക്കിട്ട ചര്‍ച്ച. വയനാട്ടില്‍ മല്‍സരിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചെങ്കിലും ഔദ്യോഗികമായി പുറത്തുവിട്ടില്ല. ഇടതുപക്ഷത്തിന്റെ അതൃപ്തിയെ എങ്ങനെ നേരിടണമെന്ന വളരെ ഗൗരവമുള്ള ചര്‍ച്ചയായിരുന്നു തുടര്‍ന്ന്. പരമാവധി ഇടതുപക്ഷത്തെ പ്രകോപിപ്പിക്കാതെ പ്രചാരണം നടത്തി മല്‍സരിച്ചാല്‍ മതിയെന്ന ധാരണയിലെത്തുന്നു.
മാര്‍ച്ച് 31ന് (ഇന്നലെ) രാവിലെ എട്ടുമണിയോടെ മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ 24 അക്ബര്‍ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്ത് യോഗം ചേരുന്നു. യോഗത്തിലേക്ക് കേരളാ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കിനേയും ക്ഷണിച്ചിരുന്നു. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം തലേന്നുതന്നെ തീരുമാനിച്ചിരുന്നതിനാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ചാണ് യോഗം ചര്‍ച്ച ചെയ്തത്.
ഇന്നലെ ഉച്ചയോടെ ദക്ഷിണേന്ത്യയിലെ കര്‍ണാടകയിലും ആന്ധ്രയിലും തെരഞ്ഞെടുപ്പു റാലികള്‍ ഉള്ളതിനാല്‍ അതിനുമുന്‍പായി പ്രഖ്യാപനം നടത്താന്‍ തീരുമാനിക്കുന്നു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമ്പോള്‍ സി.പി.എമ്മിനെ മുറിവേല്‍പ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ യോഗത്തില്‍ ധാരണ. പ്രഖ്യാപനം നടത്താന്‍ ആന്റണിയെ യോഗം ചുമതലപ്പെടുത്തുന്നു.
യോഗം അവസാനിച്ചതോടെ 11 മണിക്ക് ആന്റണി വാര്‍ത്താസമ്മേളനം നടത്തുന്നു എന്ന വിവരം മാധ്യമങ്ങള്‍ക്കു നല്‍കി. അതോടെ വയനാട്ടില്‍ രണ്ടിലൊരു തീരുമാനം ഉണ്ടായെന്നു മാധ്യമങ്ങള്‍ക്കു സൂചന ലഭിച്ചു. കൃത്യം 11 മണിക്ക് ആന്റണിയുടെ വാര്‍ത്താസമ്മേളനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമെന്ന ഔദ്യോഗിക പ്രഖ്യാപനം. വടകരയില്‍ കെ. മുരളീധരന്റെ സ്ഥാനാര്‍ഥിത്വവും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
രാഹുല്‍, വയനാട്, ഉമ്മന്‍ചാണ്ടി
കേരളത്തില്‍ ഉത്തരേന്ത്യയില്‍ നിന്ന് ഏതെങ്കിലും പാര്‍ട്ടിയുടെ സമുന്നതനായ നേതാവ് എത്തുമെന്നത് ആരും കരുതിയിരുന്നതല്ല. പ്രത്യേകിച്ച് വയനാടിന് അത്തരമൊരു ഔന്നത്യം കൈവന്നേക്കുമെന്നും കരുതിയില്ല. എന്നാല്‍ ഇതിനൊക്കെ നിമിത്തമായത് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു എന്നത് ചര്‍ച്ചകള്‍ക്കിടയില്‍ വിസ്മരിക്കപ്പെട്ടു.
പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെ ഉമ്മന്‍ചാണ്ടിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാനെത്തുമെന്ന ആദ്യവെടി പൊട്ടിച്ചത്. മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞെങ്കിലും അവിശ്വസനീയമെന്നാണ് പലരും ഇതിനെ വിലയിരുത്തിയത്. എന്നാല്‍ തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി പറഞ്ഞത് ആവര്‍ത്തിച്ച് രംഗത്തെത്തിയതോടെ നേതാക്കള്‍ ഒന്നുമില്ലാതെ ഇത്തരം കാര്യങ്ങള്‍ പറയില്ലല്ലോ എന്ന ചിന്തയായി ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും. തുടര്‍ന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെത്തി. രാഹുല്‍ കേരളത്തില്‍ മത്സരിക്കാനെത്തുന്നുവെന്ന വാര്‍ത്ത അതോടെ തരംഗമായി.
രാഹുലിന്റെ സാന്നിധ്യം ഉണ്ടായേക്കുമെന്ന് അപ്പോഴും വിശ്വാസമില്ലാതിരുന്ന പ്രതിപക്ഷം ഒരു മുഴം മുന്നേ വാദമുഖങ്ങളുമായി രംഗത്തെത്തി. ദേശീയ രാഷ്ട്രീയത്തില്‍ സഖ്യമാകാമെന്ന നിലപാടിന് കടകവിരുദ്ധമാണ് കോണ്‍ഗ്രസ് നീക്കമെന്നായിരുന്നു സി.പി.എം വാദിച്ചത്. അമേത്തിയിലെ പരാജയഭീതിയാണ് കേരളം രാഹുല്‍ ലക്ഷ്യമിടുന്നതിന്റെ പിന്നിലെന്ന് ബി.ജെ.പിയും ആരോപിച്ചു.
ഇതിനിടെ, വടകരയും വയനാടും സ്ഥാനാര്‍ഥി പ്രഖ്യാപനം നീണ്ടു. ഒടുവില്‍ വടകരയില്‍ കെ. മുരളീധരന്‍ ശക്തനായ സ്ഥാനാര്‍ഥിയായി രംഗത്തവതരിച്ചതോടെ ഉത്തരമലബാറില്‍ തന്നെ കോണ്‍ഗ്രസ് ആവേശം കൊണ്ടു. വയനാട് ഒഴിഞ്ഞു കിടന്നത് നേതാക്കള്‍ പറഞ്ഞ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനായിരിക്കുമെന്ന് അണികള്‍ കണക്കുകൂട്ടി. എന്നാല്‍ പൊടുന്നനെ ടി. സിദ്ദീഖിനെ വയനാട്ടില്‍ തീരുമാനിച്ച വിവരം പുറത്തുവന്നതോടെ രാഹുല്‍ വരില്ലെന്ന സങ്കടമായി. സിദ്ദീഖ് പ്രചാരണം തുടങ്ങിയെങ്കിലും സ്ഥാനാര്‍ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകിയതോടെ വീണ്ടും സംശയങ്ങള്‍ക്ക് ജീവന്‍ വച്ചു. രാഹുല്‍ എത്തിയേക്കുമെന്ന വാര്‍ത്ത പരന്നു. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പി.സി ചാക്കോ ഇത് നിഷേധിച്ചു. എന്നാല്‍ പ്രചാരണത്തില്‍ നിന്നുമാറി രാഹുലിനായി കാത്തുനില്‍ക്കുന്നതായി സിദ്ദീഖിന്റെ പ്രഖ്യാപനം വന്നു. രാഹുലിന്റെ കാര്യം നീണ്ടതോടെ ലീഗ് ഉള്‍പ്പെടെ യു.ഡി.എഫ് ഘടകകക്ഷികള്‍ക്ക് അപ്രീതി ഉണ്ടാവുകയും തീരുമാനം വേഗം വേണമെന്ന നിലപാടുമുണ്ടായി.
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രചാരണം പോലും മന്ദീഭവിക്കുന്ന അവസ്ഥയും വയനാട്ടില്‍ പ്രതിപക്ഷം പിടിമുറുക്കുന്നതോളം വരെ കാര്യങ്ങള്‍ നീണ്ടതോടെ ഇനി വൈകിക്കാനില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും തീരുമാനിച്ചു. രണ്ടു ദിവസം മുന്‍പ് കേരളത്തില്‍ മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് രാഹുല്‍ ഒഴിഞ്ഞുമാറിയ കാഴ്ച കണ്ടു. പിറ്റേന്ന്, വയനാട്ടില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട് അത് ന്യായവുമാണെന്ന് രാഹുല്‍ പറഞ്ഞതോടെ വീണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ് പ്രിയ നേതാവിന് വേണ്ടിയുള്ള കാത്തിരിപ്പിനായി തുടികൊട്ടാന്‍ തുടങ്ങി. ഇന്നലെ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ആഹ്ലാദവും ആവേശവും വാനോളമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."