വെല്‍ഫെയറുമായി അധികാരം പങ്കിടുന്ന സി.പി.എം ലീഗിനെതിരേ ആരോപണം ഉന്നയിക്കുന്നു: കെ.പി.എ മജീദ്
മലപ്പുറം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഇപ്പോഴും സഖ്യം തുടരുന്ന സി.പി.എമ്മിന് മുസ്‌ലിം ലീഗിനെ അധിക്ഷേപിക്കാന്‍ എന്ത് ധാര്‍മികാവകാശമാണുള്ളതെന്ന് വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആറ് ജില്ലകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയടക്കമുള്ളവരുമായി സഖ്യമുണ്ടാക്കിയ സി.പി.എം ലീഗിനെതിരേ ആരോപണം ഉന്നയിക്കുന്നത് സ്വയം അപഹാസ്യരാകാന്‍ വേണ്ടി മാത്രാണ്. മതനിരപേക്ഷത തകര്‍ക്കാന്‍ മതമൗലികവാദ സംഘടനകളുമായി ലീഗ് കൂട്ടുകെട്ടുണ്ടാക്കുകയാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും എസ്.ഡി.പി.ഐയുമായും പരസ്യമായും രഹസ്യമായും നീക്കുപോക്കുണ്ടാക്കിയ സി.പി.എമ്മാണ് മുസ്‌ലിം ലീഗിനെ ഇപ്പോള്‍ അധിക്ഷേപിക്കുന്നത്.
യു.ഡി.എഫിന് സഹകരിക്കാവുന്ന സംഘടനകളുമായി ചര്‍ച്ച നടത്തുന്നത് ഒരു പരിഗണനാ വിഷയം മാത്രമാണ്. വികസന കേന്ദ്രീകൃതമായിട്ടുള്ള പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കുന്നത് പരിഗണനയിലുണ്ട്. സി.പി.എമ്മിനുള്ളത് പോലെ നിഗൂഢമായ ബന്ധങ്ങള്‍ മുസ്‌ലിം ലീഗിനുണ്ടാവില്ല. ഏതെങ്കിലും പാര്‍ട്ടികളുമായി ബന്ധപ്പെടേണ്ട വിഷയങ്ങളുണ്ടായാല്‍ കൃത്യസമയത്ത് അത് വ്യക്തമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."