യുവതിയുടെ ആദ്യഭര്‍ത്താവിന്റെ മരണത്തില്‍ അന്വേഷണം നടത്തും
കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
തൊടുപുഴ: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂര മര്‍ദനത്തില്‍ പരുക്കേറ്റ എഴുവയസുകാരന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുമ്പോള്‍ കേസില്‍ അന്വേഷണം ശക്തമാക്കി തൊടുപുഴ പൊലിസ്. യുവതിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണത്തില്‍ ആക്ഷേപം ഉയര്‍ന്നതോടെ ഇക്കാര്യവും വിശദമായി പരിശോധിക്കുമെന്ന് തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ് പറഞ്ഞു.
2018 മെയ് മാസത്തില്‍ കരിമണ്ണൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മഞ്ചിക്കല്ലിലാണ് സംഭവം നടക്കുന്നത്. ദുരൂഹത ഉയര്‍ന്നതോടെ അന്വേഷണം നടത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ഹൃദയാഘാതമെന്നാണ് കണ്ടെത്തിയത്. കേസില്‍ വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് ഇന്ന് അപേക്ഷ നല്‍കാനും തീരുമാനമായി.
അതേസമയം കുമളിയില്‍ 2013 ല്‍ ഷെഫീക്ക് എന്ന കുട്ടിയെ രണ്ടാനമ്മ മര്‍ദിച്ച കേസില്‍ ഇത് കണ്ടിട്ടും പ്രതികരിക്കാതിരുന്ന അച്ഛനെതിരേ കേസെടുത്തിരുന്നു. ഈ കീഴ്‌വഴക്കപ്രകാരം യുവതിക്കെതിരേയും കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം ജീവനില്‍ ഭയന്നാണ് മിണ്ടാതിരുന്നതെന്ന് ആദ്യം പറഞ്ഞ യുവതി പിന്നീട് അരുണ്‍ ആനന്ദിന്റെ ക്രൂരതയുടെ കെട്ടുകള്‍ അഴിക്കുകയായിരുന്നു. കേസെടുത്താല്‍ യുവതി മൊഴി മാറ്റുമോ എന്ന ഭയവും പൊലിസിനുണ്ട്.
കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. 10 ശതമാനം മാത്രമാണ് തലച്ചോറിലേക്ക് രക്തയോട്ടമുള്ളത്. അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനം താളംതെറ്റിയ നിലയിലാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."