തലമുറകള്‍ക്ക് അക്ഷരം പകര്‍ന്ന ചന്ദ്രിക ടീച്ചര്‍ക്ക് വീണ്ടും അര്‍ഹതയ്ക്കുള്ള അംഗീകാരം
ആലപ്പുഴ: തലമുറകള്‍ക്ക് അക്ഷര മധുരം പകര്‍ന്ന് നല്‍കിയ മാന്നാര്‍ ചന്ദ്രമണിയമ്മയ്ക്ക്് വീണ്ടും അര്‍ഹതയ്ക്കുള്ള അംഗീകാരം.
സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക ക്ഷേമ വകുപ്പ് വഴി ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല അങ്കണവാടി അധ്യാപികമാര്‍ക്കുളള 2018-19 വര്‍ഷത്തെ അവാര്‍ഡുകളിലൊന്ന് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് മാന്നാര്‍ ഗ്രാമ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 156-ാം നമ്പര്‍ കസ്തൂര്‍ബാ അങ്കണവാടിയിലെ ചന്ദ്രമണിയമ്മ.
മൂന്ന് തലമുറയില്‍പെട്ട വിദ്യാര്‍ഥി സമ്പത്തുള്ള ചന്ദ്രമണിയമ്മയെ വിദ്യാര്‍ഥികള്‍ ചന്ദ്രിക ടീച്ചര്‍ എന്നാണ് വിളിക്കുന്നത്. അധ്യാപനം ജീവിതമാക്കിയ ടീച്ചര്‍ക്ക് അവാര്‍ഡ് കിട്ടിയതിലൂടെ സമൂഹത്തില്‍ തന്റെ ഉത്തരവാദിത്വം ഒരു ചുവട്കൂടി കൂടി എന്ന അഭിപ്രായമാണുള്ളത്. മൂന്നു തലമുറയിലുള്ളവരെ പഠിപ്പിക്കുവാന്‍ കഴിഞ്ഞത് അഭിമാനത്തോടൊപ്പം സന്തോഷവുമാണെന്ന് ടീച്ചര്‍ പറയുന്നു.
പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായി അങ്കണവാടിയിലെത്തുന്ന കുഞ്ഞുങ്ങള്‍ക്കു നല്‍കുന്ന വിദ്യാഭ്യാസത്തിലും വലിയ മാറ്റം വന്നിട്ടുണ്ടെന്ന് ടീച്ചര്‍ പറയുന്നു. കുട്ടികളെ കളി, പാട്ട് തുടങ്ങിയ വിനിമയങ്ങളിലൂടെയാണ് പഠിപ്പിക്കുന്നത്. ആശയാധിഷ്ടിത വിദ്യാഭ്യാസമാണ് വിഭാവന ചെയ്യുന്നത്. കളിയാണ് രീതി, സ്‌നേഹമാണ് ഭാഷ ടീച്ചര്‍ പറഞ്ഞു.
ഓണം, ക്രിസ്മസ്, റമദാന്‍, വിഷു, ബക്രീദ് തുടങ്ങി ചെറുതും വലുതുമായ എല്ലാ ആഘോഷങ്ങളും കസ്തൂര്‍ബാ അങ്കണവാടിയില്‍ ആഘോഷിക്കാറുണ്ട്്. കുരുന്ന് മനസില്‍ ഇത് ഐക്യബോധം വളര്‍ത്തും. രക്ഷകര്‍ത്താക്കളും, ഗ്രാമ പഞ്ചായത്തും, സാമൂഹ്യക്ഷേമവകുപ്പും അങ്കണവാടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. ജാതിമത ഭേദമന്യേ എല്ലാവരും എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കുന്നതും ടീച്ചര്‍ ചൂണ്ടിക്കാട്ടുന്നു.
മുമ്പും നിരവധി പുരസ്‌ക്കാരങ്ങളും അംഗീകാരവും ചന്ദ്രിക ടീച്ചറെ തേടിയെത്തിയിട്ടുണ്ട്. ഐ.സി.ഡി.എസിന്റെ 2017ലെ മികച്ച അങ്കണവാടിക്കുള്ള അവാര്‍ഡ്, 2016ല്‍ ശുചിത്വമിഷന്റെ അംഗീകാരം, വിവിധ സന്നദ്ധ സംഘടനകളുടെ പുരസ്‌ക്കാരങ്ങള്‍ എന്നിങ്ങനെ നീണ്ടുപോകുന്നു ടീച്ചര്‍ക്ക് ലഭിച്ചിരിക്കുന്ന പുരസ്‌കാരങ്ങളുടെ പട്ടിക.
ടീച്ചര്‍ക്ക് സഹായിയായി അങ്കണവാടി വര്‍ക്കര്‍ ഉഷാകുമാരിയും ഉണ്ട്. വിദ്യാഭ്യാസ മേഖലയോടൊപ്പം, ആരോഗ്യമേഖലയ്ക്കും പ്രാധാന്യം നല്‍കി ഈ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ച് കുട്ടികളോടൊപ്പം രക്ഷകാര്‍ത്താക്കള്‍ക്കും, ബോധവത്ക്കരണ ക്ലാസ് നടത്താനിരിക്കുകയാണ് ടീച്ചര്‍. ഒരു വര്‍ഷം കൂടി കഴിയുമ്പോള്‍ ടീച്ചര്‍ വിരമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."