ട്രംപിനു തിരിച്ചടി; ബോള്‍ട്ടന്റെ പുസ്തകത്തിന് പച്ചക്കൊടി
ന്യൂയോര്‍ക്ക്: നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സഹായം തേടിയെന്നതുള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകളടങ്ങിയ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ആവശ്യം യു.എസ് കോടതി തള്ളി. ട്രംപ് പ്രസിഡന്റ് പദവിയിലിരിക്കാന്‍ കൊള്ളരുതാത്തവനാണെന്ന് കുറ്റപ്പെടുത്തുന്ന ദ റൂം വേര്‍ ഇറ്റ് ഹാപ്പന്‍ഡ് എന്ന പുസ്തകം ഇറങ്ങുന്നത് ട്രംപിന് വലിയ തിരിച്ചടിയാവും.
പുസ്തകത്തില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങളുണ്ടെന്നാരോപിച്ചാണ് നീതിന്യായ മന്ത്രാലയം പുസ്തകം പുറത്തിറങ്ങുന്നത് തടയാന്‍ ശ്രമിച്ചത്. എന്നാല്‍ നിരോധനം ഒരു പരിഹാരമാണെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാരിനായില്ലെന്ന് വിലയിരുത്തിയാണ് ജഡ്ജി റോയ്‌സ് ലാംബെര്‍ട്ട് ഹരജി തള്ളിയത്. അടുത്തയാഴ്ച പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ ലക്ഷക്കണക്കിന് പ്രതികള്‍ ഇതിനകം പുസ്തകശാലകളില്‍ എത്തിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ ട്രംപ് പുറത്താക്കുന്നതുവരെ അദ്ദേഹത്തോടൊപ്പമുള്ള 17 മാസത്തെ തന്റെ അനുഭവങ്ങളാണ് ബോള്‍ട്ടന്‍ പുസ്തകത്തില്‍ വിവരിക്കുന്നത്. യു.എസില്‍ നിന്ന് കൂടുതല്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങി സഹായിക്കണമെന്നാണ് ചൈനയോട് ട്രംപ് ആവശ്യപ്പെട്ടത്. ഇത് തെരഞ്ഞെടുപ്പില്‍ കൃഷിയെ ആശ്രയിക്കുന്ന വോട്ടര്‍മാരുടെ വോട്ട് ട്രംപിന് ലഭിക്കാന്‍ സഹായിക്കുമെന്നതിനാലാണിത്.
ചൈനയിലെ സിന്‍ജിയാങ്ങില്‍ ന്യൂനപക്ഷ ഉയിഗൂര്‍ മുസ്‌ലിംകളെ തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിക്കുന്നതിനെ ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ അനുകൂലിച്ചെന്നും ബോള്‍ട്ടന്‍ വെളിപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."