സ്ഥലങ്ങളുടെ പേരുമാറ്റത്തിന് ചൈനക്ക് അധികാരമില്ല: കേന്ദ്രം
ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിനുമുകളിലുള്ള ചൈനയുടെ അവകാശവാദത്തിനെതിരേ രൂക്ഷമായ എതിര്‍പ്പുമായി കേന്ദ്ര സര്‍ക്കാര്‍. വര്‍ഷങ്ങളായി അരുണാചല്‍ മേഖലയില്‍ ചൈന നടത്തുന്ന കൈയ്യേറ്റത്തിനെതിരേ ഇതാദ്യമായാണ് ഇത്രയും രൂക്ഷമായ എതിര്‍പ്പുമായി രാജ്യം രംഗത്തു വരുന്നത്.
ഒരു വിദേശ രാജ്യത്തിനും ഇന്ത്യയുടെ അധീനതയിലുള്ള സ്ഥലങ്ങളുടെ പേര് മാറ്റാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് രാജ്യത്തിന്റെ എതിര്‍പ്പ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി എം. വെങ്കയ്യ നായിഡു ശക്തമായ ഭാഷയില്‍ പ്രകടിപ്പിച്ചത്.
അരുണാചല്‍ പ്രദേശിലെ ആറ് സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചാണ് അരുണാചല്‍ പ്രദേശിന് മുകളില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് ആറ് സ്ഥലങ്ങളുടെ പേര് ചൈനീസ് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ അവര്‍ പുനര്‍ നാമകരണം ചെയ്തത്.
അരുണാചല്‍ പ്രദേശിന്റെ ഒരിഞ്ചുഭൂമിപോലും ആര്‍ക്കും അവകാശപ്പെട്ടതല്ല. അതുകൊണ്ടുതന്നെ ഇവിടത്തെ സ്ഥലങ്ങളുടെ പേര് മാറ്റാന്‍ ആര്‍ക്കാണ് അവകാശം. എന്തിനുവേണ്ടിയാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും വെങ്കയ്യ നായിഡു ചോദിച്ചു.
അയല്‍ രാജ്യം ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥലങ്ങളുടെ പേര് മാറ്റിയാല്‍ മാറില്ല. ചൈനയുടെ നിലപാട് ഇന്ത്യയെ പ്രകോപിപ്പിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ ഇന്ത്യയുടെ നിലപാട് ശക്തമാണ്.
അരുണാചല്‍ പ്രദേശിന്റെ മണ്ണില്‍ ആര്‍ക്കും അവകാശവാദം ഉന്നയിക്കാന്‍ അധികാരമില്ല. രണ്ട് ഏഷ്യന്‍ രാജ്യങ്ങളുടെ നയതന്ത്രതലത്തിലുള്ള ബന്ധം വഷളാകുന്നതിന് ഇത്തരത്തിലുള്ള നിലപാടുകള്‍ വഴിവയ്ക്കുകയുള്ളൂ എന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. 1962 ലെ ഇന്ത്യാ- ചൈനാ യുദ്ധത്തിനുശേഷം അതിര്‍ത്തിയെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കത്തിലാണ്. എന്നിരുന്നാലും ഓരോ വര്‍ഷവും ഇന്ത്യയും ചൈനയും തമ്മില്‍ ഏതാണ്ട് 6600കോടി ഡോളറിന്റെ വ്യാപാരമാണ് നടത്തുന്നത്.
അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതിനുമേല്‍ ആര്‍ക്കും അവകാശവാദം ഉന്നയിക്കാന്‍ അധികാരമില്ലെന്ന് വിദേശ കാര്യമന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്‌ലെ വ്യക്തമാക്കി. സ്ഥലങ്ങളുടെ പേര് പുനര്‍ നാമകരണം ചെയ്താലോ പുതിയതായി കണ്ടെത്തിയാലോ അത് അനധികൃത കൈയ്യേറ്റത്തെ സാധൂകരിക്കില്ലെന്ന കാര്യം ഓര്‍മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനയുടെ നീക്കം അരുണാചല്‍ പ്രദേശിനുമേലുള്ള പരമാധികാരം ശക്തിപ്പെടുത്തുകയെന്നത് ലക്ഷ്യം വച്ചാണ്.
ഈ സംസ്ഥാനം ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. ചൈനയുടെ മാപ്പില്‍പോലും അവര്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."