ബാലപീഡനം: കുട്ടികളെ തിരിച്ചറിയുന്ന വിവരങ്ങള്‍ പുറത്താകുന്നത് ശിക്ഷാര്‍ഹം
തൊടുപുഴ: ബാലപീഡന കേസുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ കുട്ടിയെ തിരിച്ചറിയാന്‍ സഹായകമായ വിവരങ്ങള്‍ കടന്നുകൂടുന്നത് ശിക്ഷാര്‍ഹമായ നടപടിയാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അംഗം സിസ്റ്റര്‍ ബിജി ജോസ് പറഞ്ഞു.
കുട്ടിയുടെ പേര് പലപ്പോഴും പറയാറില്ലെങ്കിലും ഗ്രാമത്തിന്റെ പേര്, സ്‌കൂളിന്റെ പേര്, പ്രതിയായ അധ്യാപകന്റെയോ ബന്ധുവിന്റെയോ പേര് തുടങ്ങിയവ പ്രസിദ്ധപ്പെടുത്തുമ്പോഴും കുട്ടി തിരിച്ചറിയപ്പെടാന്‍ ഇടയുണ്ട്. ഇതിനുള്ള സാഹചര്യവും ഒഴിവാക്കേണ്ടതാണ്.
ജില്ലയിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്കായി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു ബിജി ജോസ്. ബാലാവകാശ നിയമങ്ങള്‍ പ്രകാരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി കമ്മിഷന്‍ വിവിധ ജില്ലകളില്‍ ശില്‍പശാലകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രാദേശിക ലേഖകര്‍ ഉള്‍പ്പെടെ പരമാവധി മാധ്യമപ്രവര്‍ത്തകരെ അതില്‍ പങ്കെടുപ്പിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ നല്‍കുന്നതില്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നുവെങ്കിലും അപൂര്‍വ്വമായി കുട്ടിയെ തിരിച്ചറിയാന്‍ സഹായകമായ സൂചനകള്‍ കടന്നു കൂടുന്നുണ്ടെന്നും അംഗം പറഞ്ഞു.
പുതിയ കേന്ദ്ര നിയമം പാലിക്കാത്ത ശിശുമന്ദിരങ്ങള്‍ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തപക്ഷം നടപടികളെ നേരിടേണ്ടിവരുമെന്ന് എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. ഡി.വൈ.എസ്.പി സുകുമാരന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ റെജി ജോര്‍ജ്ജ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം എച്ച്. കൃഷ്ണകുമാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.എ. സന്തോഷ്, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസര്‍ വന്ദന, ഡി.സി.പി.ഒ ലിസി തോമസ്, കമ്മിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആര്‍. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. സൈക്കോളജിസ്റ്റ് ഡോ. സി.കെ. അനില്‍കുമാര്‍ കൗണ്‍സിലര്‍മാര്‍ക്ക് ക്ലാസ് എടുത്തു. എന്‍ എല്‍ പി അഥവാ ന്യൂറോ ലിംഗയ്സ്റ്റിക് പ്രോഗ്രാമിനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഹിപ്‌നോതെറാപ്പി, ലാഫിംഗ് തെറാപ്പി, മ്യൂസിക് തെറാപ്പി എന്നിവ കുട്ടികളില്‍ ഫലപ്രദമായി ഉപയോഗിച്ച് അവരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴികളും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."