ഇയര്‍ ഔട്ട് സംവിധാനത്തിനെതിരേ ആക്ഷേപം ശക്തമാകുന്നു
.മുക്കം: എ.പി.ജെ അബ്ദുല്‍ കലാം കേരള സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) നടപ്പിലാക്കിയ ഇയര്‍ ഔട്ട് സമ്പ്രദായം തുഗ്ലക് പരിഷ്‌കരണമാണെന്ന വാദം വീണ്ടും ശക്തമാവുന്നു. കഴിഞ്ഞ ദിവസം മുക്കം കെ.എം.സി.ടി എന്‍ജിനീയറിങ് കോളജില്‍ ഇയര്‍ ഔട്ട് ആയ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കോളജ് അധികൃതര്‍ തടഞ്ഞു വച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
എല്ലാ വിഷയവും ജയിക്കാതെ അടുത്ത സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കാത്ത ഇയര്‍ ഔട്ട് സംവിധാനം നിലനില്‍ക്കുന്നതിനാല്‍ പഠനം തുടരാനാകാത്ത സ്ഥിതിയിലാണ് സംസ്ഥാനത്തെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളില്‍ പലരും. കെ.ടി.യുവിന്റെ ഇയര്‍ ബാക്ക് പരിഷ്‌കാരം പ്രകാരം മൂന്ന് പേപ്പറുകളില്‍ കൂടുതല്‍ പരാജയപ്പെട്ടാല്‍ അടുത്ത വര്‍ഷത്തേക്ക് വിദ്യാര്‍ഥിക്ക് സ്ഥാനക്കയറ്റം കിട്ടില്ല. യൂനിവേഴ്‌സിറ്റി പറയുന്ന മാര്‍ക്ക് ക്രെഡിറ്റ് കിട്ടിയില്ലെങ്കില്‍ ഒന്നാം വര്‍ഷക്കാരോടൊപ്പമിരുന്ന് വീണ്ടും പരീക്ഷയെഴുതുകയും വേണം. ഇതാണ് വിദ്യാര്‍ഥികളെ വലക്കുന്നത്. ബി.ടെക് വിദ്യാഭ്യാസത്തെ ഉന്നത നിലവാരവുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ കെ.ടി.യു വിന്റെ കീഴിലേക്ക് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ എന്‍ജിനീയറിങ് കോളജുകളും ഇപ്പോള്‍ മാറിയിട്ടുണ്ട്. എന്നാല്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പല പരിഷ്‌കാരങ്ങളും അശാസ്ത്രീയമാണെന്ന വാദം അന്നു തന്നെ ഉയര്‍ന്നിരുന്നു. രാജ്യത്തെ ഉന്നത ടെക്‌നിക്കല്‍ സ്ഥാപനങ്ങളായ ഐ.ഐ.ടികളിലും എന്‍.ഐ.ടി കളിലുമൊക്കെ നടപ്പിലാക്കിയ ഇയര്‍ ഔട്ട് സംവിധാനം ശരാശരിയിലും താഴെ നിലവാരം പുലര്‍ത്തുന്ന കേരളത്തിലെ എന്‍ജിനീയറിങ് കോളജുകളില്‍ ഒറ്റയടിക്ക് നടപ്പിലാക്കുന്നത് വിപരീത ഫലം ചെയ്യുമെന്ന് പല വിദഗ്ധരും ചൂണ്ടികാണിച്ചിരുന്നു.
വിദ്യാര്‍ഥികളുടെ ശക്തമായ എതിര്‍പ്പ് വക വെക്കാതെയായിരുന്നു ഇയര്‍ ഔട്ട് സംവിധാനം യൂനിവേഴ്‌സിറ്റി നടപ്പിലാക്കിയത്. ഇതിനെതിരേ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒന്നാം വര്‍ഷത്തെ ചില പേപ്പറുകളില്‍ തോറ്റത് കാരണം ഇയര്‍ ഔട്ട് ആയ വിഷമത്തെ തുടര്‍ന്ന് പ്രാവച്ചമ്പലം ട്രിനിറ്റി എന്‍ജിനിയറിങ് കോളജിലെ ആകാശ് എന്ന വിദ്യാര്‍ഥി ജീവനൊടുക്കിയതും വലിയ ചര്‍ച്ചയായിരുന്നു.
വര്‍ഷാവസാന പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയുടെയും ഫലം കൃത്യമായി പ്രസിദ്ധീകരിക്കാന്‍ പോലും സാങ്കേതികസര്‍വകലാശാലയ്ക്ക് കഴിയുന്നില്ല. പരീക്ഷാഫലം മാസങ്ങള്‍ വൈകിയാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. ഇതും ഇയര്‍ ഔട്ടിന് കാരണമാകുന്നുണ്ട്. ഒരുവര്‍ഷം നഷ്ടപ്പെടുന്ന അവസ്ഥയാണിതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മുന്‍സെമസ്റ്ററിലെ പേപ്പറുകളെല്ലാം പാസായാലേ അടുത്ത സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കൂ. സെമസ്റ്ററിലെ എല്ലാ വിഷയങ്ങളുടെയും ഫലം ഒരുമിച്ചല്ല പ്രസിദ്ധീകരിക്കുന്നത്. ഇതും വിദ്യാര്‍ഥികളെ വലക്കുന്നു. സാങ്കേതികസര്‍വകലാശാലയില്‍ പരീക്ഷാ നടത്തിപ്പിനുവേണ്ട സംവിധാനമോ ജീവനക്കാരോ ഇല്ലാത്തതിനാല്‍ സ്വകാര്യ ഏജന്‍സിയാണ് അത് നിര്‍വഹിക്കുന്നത്. മുടങ്ങിയ ഫലം എപ്പോള്‍ പ്രസിദ്ധീകരിക്കുമെന്നതിനെ കുറിച്ചും അവ്യക്തമാണ്. കോഴ്‌സ് ഉപേക്ഷിച്ചുപോകുന്ന വിദ്യാര്‍ഥികള്‍ നാലുവര്‍ഷത്തെ ഫീസ് പിഴയായി നല്‍കണമെന്ന വ്യവസ്ഥയും നിലവിലുണ്ട്. ഇതുമൂലം പഠനം തുടരാനും അവസാനിപ്പിക്കാനും കഴിയാത്ത സ്ഥിതിയിലാണ് പല വിദ്യാര്‍ഥികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."