ഇടത് കോട്ടകള്‍ തകര്‍ക്കാനാകുമെന്ന ആത്മവിശ്വാസത്തില്‍ യു.ഡി.എഫ്
തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആവേശത്തില്‍.
നെഹ്‌റു കുടുംബത്തില്‍നിന്ന് ആദ്യമായാണ് ഒരാള്‍ കേരളത്തില്‍ മത്സരിക്കാനെത്തുന്നത്. രാഹുലിന്റെ വരവോടെ സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല പോരാട്ടം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. ഇടത് കോട്ടയിലടക്കം വിള്ളലുണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അവര്‍. ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ എന്നും പ്രതിബന്ധമായി നിന്നത് കേരളത്തില്‍നിന്നുള്ള സി.പി.എം നേതാക്കളാണ്. അവര്‍ക്കുള്ള തിരിച്ചടികൂടിയായാണ് രാഹുലിന്റെ വരവിനെ പല കോണ്‍ഗ്രസ് നേതാക്കളും കാണുന്നത്.
സി.പി.എമ്മാകട്ടെ രാജ്യത്താകെ മത്സരിക്കുന്ന 45 സീറ്റുകളില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് കേരളത്തിലാണ്. അവിടെയാണ് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട് ദേശീയ അധ്യക്ഷനെതന്നെ കോണ്‍ഗ്രസ് ഇറക്കിയത്. കടുത്ത പ്രതിസന്ധി നേരിടാന്‍ പോകുന്നത് സി.പി.എ ആയിരിക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് അവര്‍ക്കുണ്ടായിരുന്ന ഏക സീറ്റ് കേരളത്തില്‍ നിന്നായിരുന്നു. അതുകൂടി നഷ്ടമാകുമോയെന്ന അവസ്ഥയിലാണ് അവര്‍. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് വയനാടിന് പുറമെ തങ്ങള്‍ മത്സരിക്കുന്ന മറ്റു മൂന്നു സീറ്റുകളിലും സി.പി.ഐ നേരിടുന്നത്.
ശബരിമല വിധിക്കുശേഷമുള്ള സംഭവവികാസങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച് ബി.ജെ.പി അരയും തലയും മുറുക്കി രംഗത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ് അപ്രസക്തമാകുമോയെന്ന ആശങ്ക പലനേതാക്കള്‍ക്കുമുണ്ടായിരുന്നു. ആ ആശങ്കക്ക് പരിഹാരമാകുകയാണ് രാഹുല്‍ ഗാന്ധിയുടെ വരവോടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."