അനധികൃതമായി ചെമ്പ്ര വനത്തില്‍ പ്രവേശിച്ച അഞ്ചു പേരെ അറസ്റ്റ് ചെയ്തു
മേപ്പാടി: ചെമ്പ്ര വനത്തില്‍ അനധികൃതമായി പ്രവേശിച്ച അഞ്ചുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മലപ്പുറം അഴിനിലം സ്വദേശി വി. വിഷ്ണുദേവ് (20), ചെറുകുന്ന് കെ.പി മുഹമ്മദ് അനീസ്(20), നറുകര പി.കെ ബാസിം(21), തിരുവനന്തപുരം മുല്ലൂര്‍ സ്വദേശി ആദര്‍ശ് ബി. ബിനു(19), തൃശൂര്‍ മാമ്പുഴി സ്വദേശി എം. വിഷ്ണു(20) എന്നിവരാണ് അറസ്റ്റിലായത്.
കാട്ടുതീ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലവില്‍ ചെമ്പ്രയിലേക്ക് സഞ്ചാരികള്‍ക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഇവിടേക്ക് അനുമതിയില്ലാതെ പ്രവേശച്ചതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥികളാണ് പിടിയിലായത്. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസറായ ബി. ഹരിശ്ചന്ദ്രന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറായ കെ. ജിജില്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ വിപിന്‍ദാസ് കൊച്ചിക്കാരന്, ബി. സംഗീത് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇക്കോ ടൂറിസം പോയന്റില്‍ കാട്ടുതീ പടര്‍ന്ന് 100 ഹെക്ടറോളം വനം കത്തിനശിച്ചിരുന്നു. സംഭവത്തില്‍ എട്ട് മലപ്പുറം സ്വദേശികള്‍ക്കെതിരേ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ചൂടിന്റെ കാഠിന്യം വര്‍ധിച്ചു വരുന്ന ഈ സമയത്ത് വനത്തിനകത്ത് പ്രവേശിക്കരുതെന്ന് മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."