ചിങ്ങവനത്ത് ഗതാഗത കുരുക്ക് രൂക്ഷമാകുന്നു
ചങ്ങനാശേരി: എം.സി റോഡ് നവീകരണത്തിന് ശേഷവും റോഡ് വീതി കൂട്ടി നിര്‍മ്മിച്ചിട്ടും ചിങ്ങവനത്ത് ഗതാഗത കുരുക്ക് ഒഴിയബാധയാകുന്നു.
തിരക്കേറിയ രാവിലെയും വൈകിട്ടും ചിങ്ങവനം കടക്കാനുള്ള വാഹനങ്ങളുടെ നീണ്ട നിരയാണ് എപ്പോഴും. കഴിഞ്ഞ ദിവസങ്ങളില്‍ കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ചിങ്ങവനം എസ.ഐ യുടെ നേതൃത്വത്തിലുള്ള സംഘം ഏറെ പണിപ്പെട്ടാണ് തടസ്സം നീക്കിയത്. റോഡിനു വീതി കൂട്ടിയതല്ലാതെ മറ്റു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതാണ് പഴ സ്ഥിതി തന്നെ തുടരാന്‍ കാരണം. ഏറെ ഗതാഗത തടസ്സം ഉണ്ടാക്കുന്നത് ബസ് സ്റ്റോപ്പാണ്. പഴയ നിലയില്‍ തന്നെയാണ് ബസ്സുകള്‍ നിര്‍ത്തുന്നത്. ബസ് ബേ ആവശ്യത്തിന് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തുന്നില്ലാത്ത നിലയിലാണ്. പലപ്പോഴും കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ റോഡിനു നടുവില്‍ നിര്‍ത്തിയാണ് ആളെ ഇറക്കുന്നത്. ഇത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുന്നു.
ഓട്ടോസ്റ്റാന്‍ഡും ടാക്‌സി സ്റ്റാന്‍ഡും നിലവില്‍ പഴയപോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ കൂടെ അനധികൃത പാര്‍ക്കിങ്ങും കൂടിയാകുമ്പോള്‍ കുരുക്ക് കൂടുന്നു. ഗോമതികവലയിലെ ഡിവൈഡര്‍ അശാസ്ത്രീയമായി ആണ് നിര്‍മ്മിച്ചതെന്ന് വ്യാപകമായ പരാതി ഉണ്ട്. തീരെ വീതി കുറഞ്ഞ റോഡിന്റെ ഈ ഭാഗത്ത് തന്നെയാണ് ബസ് ബേയും നിര്‍മ്മിച്ചിരിക്കുന്നത്.
അതിനാല്‍ കോട്ടയം ഭാഗത്തേയ്ക്കുള്ള ബസ്സുകള്‍ നിര്‍ത്തുമ്പോള്‍ മറ്റു വാഹനങ്ങള്‍ക്കു കടന്നു പോകാനാവാത്ത നിലയിലാണ്. ചിങ്ങവനത്തെ പൊളിച്ചു മാറ്റിയ കെ.എസ്.ആര്‍.ടി.സി കാത്തിരുപ്പു കേന്ദ്രത്തിനു പകരം പുതിയത് സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിക്കാത്തതിനാല്‍ യാത്രക്കാരും ദുരിതത്തിലാണ്.
ആധുനിക രീതിയിലുള്ള കാത്തിരുപ്പു കേന്ദ്രം എം.പി ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്നു. എന്നാല്‍ നടപടികള്‍ ഒന്നും ആയിട്ടില്ല. കനത്ത മഴയില്‍ യാത്രക്കാര്‍ക്ക് കടത്തിണ്ണകള്‍ മാത്രമാണ് ആശ്രയം. ബസ് കയറാനുള്ള നെട്ടോട്ടത്തിനിടയില്‍ അപകടങ്ങളും ധാരാളമായി നടക്കുന്നുണ്ട്. ചിങ്ങവനം കവലയില്‍ മാത്രം കാല്‍നടയാത്രക്കാര്‍ക്ക് നിരവധി തവണ പരിക്കേറ്റിട്ടുണ്ട്. മരണത്തിനും ഈ അപകടങ്ങള്‍ കാരണമാകുന്നു. സര്‍ക്കാര്‍ വക സ്ഥലം കാടുകയറിയ നിലയില്‍ ഏറെ ഈ ഭാഗത്തുണ്ട്. എന്നാല്‍ അവ പ്രയോജനപ്പെടുത്തുന്നതിനോ മറ്റു സംവിധാനങ്ങള്‍ ഒരുക്കുന്നതിനോ ഉള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുമില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."