സ്വാഗതം പാടിയും പുഷ്പ വൃഷ്ടി നടത്തിയും പ്രവാസിയെ സ്വീകരിച്ച് പന്നൂര്‍ ഗ്രാമം
കൊടുവള്ളി: കഷ്ടപ്പെട്ടു നാട്ടിലെത്തിയ പ്രവാസികളെ ആട്ടിയകറ്റുമ്പോള്‍ ഇവിടെയിതാ ഒരു കൂട്ടം യൂവാക്കള്‍ പുഷ്പം വിതറിയും സ്വാഗതമോതിയും പ്രവാസികളെ സ്വീകരിക്കുന്നു. പ്രവാസികളെ വീട്ടിലും നാട്ടിലും കയറ്റാതെ അകറ്റുന്ന വാര്‍ത്തകള്‍ പരക്കുമ്പോഴാണ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത പന്നൂരില്‍ പ്രവാസികള്‍ക്ക് ആശ്വാസകരമായ ഈ സ്വീകരണം നടന്നത്. ഒരു കൂട്ടം യുവാക്കള്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും സ്വാഗത ഗാനം ആലപിച്ചുമാണ് നാട്ടുകാരനായ പ്രവാസിയെ സ്വീകരിച്ചത്. പ്രവാസി ക്വാറന്റൈന്‍ കിടന്നാല്‍ നാട്ടില്‍ രോഗം ബാധിക്കില്ല എന്ന പ്ലെക്കാര്‍ഡുകളാണ് ഇവര്‍ ഉയര്‍ത്തിയത്.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2020/06/expat-reception.mp4"][/video]
സഊദിയിലെ അബ്ദുല്‍ അസീസ് സര്‍വകലാശാലയില്‍ ലക്ച്ചററായി ജോലി ചെയ്യുന്ന പൊയ്‌ലില്‍ മുസ്തഫയെയാണ് നാട്ടുകാര്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചത്. കാറില്‍ നിന്ന് പുറത്തിറങ്ങുകയോ ഗ്ലാസ് താഴ്ത്തുകയോ ചെയ്യാതെ കാറിനുള്ളില്‍ നിന്ന് പ്രത്യഭിവാദ്യം ചെയ്ത് മുസ്തഫ വീട്ടിലേക്ക് പോവുകയും ചെയ്തു.
റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 256 യാത്രക്കാരുമായി കോഴിക്കോട്ടേക്കെത്തിയ വിമാനത്തിലാണ് മുസ്തഫയും എത്തിയത്. റിയാദ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റിയാണ് ഈ വിമാനം ചാര്‍ട്ടര്‍ ചെയ്തതെന്നും നാട്ടില്‍ നല്‍കിയ ഈ സ്വീകരണത്തില്‍ വലിയ സന്തോഷമുണ്ടെന്നും എല്ലാ പ്രവാസികളേയും ഇതുപോലെ സ്വീകരിക്കണമെന്നും മുസ്ഥഫ സുപ്രഭാതത്തോട് പറഞ്ഞു. വരും ദിവസങ്ങളില്‍ പന്നൂരിലേക്ക് എത്തുന്ന പ്രവാസികളെയും ഇത് പോലെ സ്വീകരിക്കാനാണ് സ്വീകരണം ഒരുക്കിയ യൂത്ത് ലീഗിന്റെ തീരുമാനം.
സ്വീകരണത്തിന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.ടി റഊഫ്, നൗഷാദ് കരിമ്പയില്‍, പി.കെ റഊഫ്, ഉമ്മര്‍ കുനിയില്‍, ആര്‍. കെ ജംഷീര്‍, എം.പി ജസീല്‍, യാസിര്‍ അലി, കെ.അസ്‌ലം, കെ.സി കുതുബുദ്ധീന്‍, ഇ.റമീസ്, വി.ഫവാസ്, പി.ജംഷിദ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."