കുറുപ്പന്തറയില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കണം: മോന്‍സ് ജോസഫ്
കടുത്തുരുത്തി: കോട്ടയം റോഡ്‌സ് ഡിവിഷന്റെ കീഴില്‍ വരുന്നതും കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്നതുമായ കുറുപ്പന്തറയില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നതിന് ബജറ്റില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് ധനകാര്യവകുപ്പുമന്ത്രി ഡോ.തോമസ് ഐസക്ക്, പൊതുമരാമത്തുവകുപ്പു മന്ത്രി ജി. സുധാകരന്‍ എന്നിവരുമായി എം.എല്‍.എ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കുറുപ്പന്തറ മേല്‍പ്പാലത്തിന്റെ ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടും എസ്റ്റിമേറ്റും(ഡി.പി,ആര്‍) അടിയന്തിരമായി സമര്‍പ്പിക്കാന്‍ പി.ഡബ്ല്യു.ഡി. സെക്രട്ടറിക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കിയതായി മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു.
കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ജനങ്ങള്‍ക്ക് അനുഗ്രഹപ്രദമാകുന്നതാണു കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലം. കുറവിലങ്ങാട്- കുറുപ്പന്തറ- കല്ലറ- വെച്ചൂര്‍- തണ്ണീര്‍മുക്കം- ആലപ്പുഴ റോഡിലൂടെയും ചേര്‍ത്തല റോഡിലൂടെയും എത്തിച്ചേരുന്ന യാത്രക്കാര്‍ക്ക് കുറുപ്പന്തറയിലെ റെയില്‍വേ ഗേറ്റ് അടയ്ക്കുന്നതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്കും യാത്രാക്ലേശവും അനുഭവപ്പെടുന്നത് നിത്യസംഭവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."