സൂസന കപുതോവ സ്ലോവാക്യയിലെ ആദ്യ വനിതാ പ്രസിഡന്റ്
ബ്രാറ്റിസ്ലാവ: മധ്യയൂറോപ്യന്‍ രാജ്യമായ സ്ലോവാക്യയില്‍ ആദ്യ വനിതാ പ്രസിഡന്റായി സൂസന കപുതോവ തെരഞ്ഞെടുക്കപ്പെട്ടു. അഴിമതിവിരുദ്ധ പ്രവര്‍ത്തകയായി അറിയപ്പെടുന്ന അഭിഭാഷക കൂടിയായ കപുതോവ 58.3 ശതമാനം വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.
നേരത്തേ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് കൂടുതല്‍ വോട്ടുകള്‍ ലഭിച്ച ആദ്യ രണ്ടു സ്ഥാനാര്‍ഥികള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ (റണ്‍ ഓഫ്) ആണ് കപുതോവ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനത്തെത്തിയ പ്രമുഖ നയതന്ത്രജ്ഞനും ഭരണകക്ഷിയായ സ്‌മെര്‍ എസ്.ഡി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയുമായ മാറോസ് സെഫ് കോവികിന് 41.7 ശതമാനം വോട്ടുകള്‍ ലഭിച്ചു.
കപുതോവയുടെ ലിബറല്‍ പ്രോഗ്രസീവ് പാര്‍ട്ടിക്ക് സ്ലോവാക്യന്‍ പാര്‍ലമെന്റില്‍ ഒരു സീറ്റ് പോലുമില്ല. രാജ്യത്തു വന്‍ കോലിളക്കം സൃഷ്ടിച്ച അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ ജാന്‍ കുസിയാക്കന്റെയും കാമുകി മാര്‍ട്ടിനയുടെയും കൊലപാതകമായിരുന്നു പ്രധാനമായും കപുതോവ പ്രചാരണായുധമാക്കിയത്. എതിര്‍സ്ഥാനാര്‍ഥി സെഫ് കോവിക്കിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നും കപുതോവ ആരോപിച്ചിരുന്നു. ഇത് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണെന്നായിരുന്നു തെരഞ്ഞെടുപ്പിനെ കപുതോവ വിശേഷിപ്പിച്ചിരുന്നത്.
യൂറോപ്യന്‍ യൂനിയന്‍ അനുകൂലിയായ കപുതോവ യൂറോപ്യന്‍ കമ്മിഷന്‍ വൈസ് പ്രസിഡന്റാണ്. 1993ല്‍ ചെക്കോസ്ലോവാക്യ രണ്ടായി വിഭജിക്കപ്പെട്ട് ചെക്ക് റിപ്പബ്ലിക്കും സ്ലോവാക്യയും ആയി പിരിഞ്ഞശേഷം സ്ലോവാക്യയിലെ അഞ്ചാമത്തെ പ്രസിഡന്റാണ് കപുതോവ. വിവാഹബന്ധം വേര്‍പ്പെടുത്തിയ കപുതോവ രണ്ടുകുട്ടികളുടെ അമ്മകൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."