സുരക്ഷിത ഭാരതത്തിന് സുസ്ഥിര ആരോഗ്യം
ഇന്ത്യന്‍ ജനതയുടെ അടിസ്ഥാന ജീവിത നിലവാരം ഉയര്‍ത്തുകയും സാക്ഷരതാ നിരക്ക് കൂട്ടുകയും ശുദ്ധമായ കുടിവെള്ളം, പാര്‍പ്പിടം എന്നിവ ലഭ്യമാക്കുകയുമാണ് പ്രാഥമികമായി ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ടത്. അതിനാകട്ടെ ബജറ്റ് വിഹിതത്തില്‍ വേണ്ടത്ര തുക വകയിരുത്തുകയും വേണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര ബജറ്റില്‍ കാര്യമാത്ര പ്രസക്തമായ വര്‍ധനവ് ആരോഗ്യ രംഗത്തിനു നീക്കിവച്ചിട്ടില്ല. 2018-19 ല്‍ ഇത് 55,000 കോടിയായിരുന്നെങ്കില്‍ 2020-21 ല്‍ 70,112 കോടിയാണ് ആരോഗ്യ രംഗത്തിനുള്ള പദ്ധതിവിഹിതം. ബജറ്റ് തുക പൂര്‍ണമായും വിനിയോഗിക്കപ്പെട്ട വകുപ്പാണ് ആരോഗ്യവകുപ്പെന്ന് 2010 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ മനസ്സിലാകും. എന്നിട്ടും അടങ്കല്‍ തുകയില്‍ ആവശ്യമായ വര്‍ധനവ് വരുത്തുവാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാരുകള്‍ കാണിക്കുന്നതായി കാണുന്നില്ല.
രാജ്യത്ത് നിലവില്‍ ഏകദേശം 23,000 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 750 ജില്ലാ ആശുപ്രതികളും 535 മെഡിക്കല്‍ കോളജുകളുമാണുള്ളത്. 2018 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 2,188 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുടെയും 6430 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും 32,900 സബ്‌സെന്ററുകളുടെയും കുറവുണ്ട്. നിലവിലുള്ള പലതും ഉപയോഗ ശൂന്യമോ ആവശ്യമായ സജ്ജീകരണങ്ങളില്ലാത്തവയോ ആണ്. പ്രതിവര്‍ഷം 80,000 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഡോക്ടര്‍മാരായി പുറത്തിറങ്ങുന്നു. ലോകാരോഗ്യസംഘടന മുന്നോട്ടുവയ്ക്കുന്ന ഡോക്ടര്‍, ജനസംഖ്യാ അനുപാതം 1: 1000 ആകുമ്പോള്‍ ഇന്ത്യയില്‍ 1: 1350 എന്നതാണ് കണക്ക്. അതുപോലെ നഴ്‌സുമാരുടെയും വിവിധ ആരോഗ്യ പ്രവര്‍ത്തകരുടെയും (ഖജഒച, ഖഒക) കണക്കുകളും വേണ്ടതിനേക്കാള്‍ പിറകിലാണ്. നിയമനങ്ങളാകട്ടെ പല സംസ്ഥാനങ്ങളിലെയും പബ്ലിക് സര്‍വിസ് കമ്മിഷനുകള്‍ മൂന്നും നാലും വര്‍ഷത്തിലൊരിക്കലാണ് നടത്തുന്നതും.
കേന്ദ്രീകൃതമായ ഒരു നിയമന രീതി ഡോക്ടര്‍മാര്‍ക്കായി വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തുടങ്ങിയ പ്രൊഫഷണല്‍ സംഘടനകള്‍ വളരെക്കാലമായി ആവശ്യപ്പെടുന്നു. ഇതുവഴി, ഐ.എ.എസ്, ഐ.പി.എസ് എന്നീ ശ്രേണിയിലുള്ളവരെപ്പോലെ രാജ്യത്തെവിടെയും സമാനമായ സേവന വേതന വ്യവസ്ഥകളോടെ ഡോക്ടര്‍മാരുടെ ലഭ്യത ഉറപ്പുവരുത്താന്‍ കഴിയും. ആരോഗ്യരംഗത്തെ മാനുഷികവിഭവശേഷി ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന അനുപാതത്തിലേക്കുയര്‍ത്തുകയും എല്ലാവര്‍ഷവും ഒഴിവുവരുന്ന തസ്തികകളിലേക്ക് നിയമനം നടത്തുകയും വേണം. ഒരു വശത്ത് ആവശ്യമായ മേഖലയെന്നു വിശേഷിപ്പിക്കുമ്പോള്‍ത്തന്നെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഈ വിശേഷണത്തെ പരിഹാസ്യമാക്കുന്നു. ഭൂരിഭാഗം സംസ്ഥാനങ്ങളും ദേശീയ ആരോഗ്യ ദൗത്യത്തിലെ തുക അടിസ്ഥാന സൗകര്യ വികസനത്തിന് അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിലവിലെ ഒഴിവുകള്‍ നികത്തുന്നതിനാകട്ടെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ ഏകദേശം 0.6 ശതമാനം വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ഘട്ടത്തിലാണ് 2018ല്‍ കേന്ദ്രസര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് എന്ന പദ്ധതി പ്രഖ്യാപിക്കുന്നത്. 1,50,000 സബ്‌സെന്ററുകളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 2020 തോടെ 'വെല്‍നസ് സെന്ററുകള്‍' ആക്കി മാറ്റുന്നതിന് ഈ പദ്ധതി വിഭാവനം ചെയ്യുന്നു. എന്നാല്‍ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരെ ഇവിടെ നിയമിക്കുന്നതിനുവേണ്ട നടപടികള്‍ ഇതുവരെയുണ്ടായതായി കാണുന്നില്ല. 2020 ജനുവരിയിലെ കണക്കുകള്‍ പ്രകാരം 30,000 വെല്‍നസ് സെന്ററുകള്‍ സ്ഥാപിക്കുകയും 1363 ലക്ഷം കുടുംബങ്ങള്‍ക്ക് ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുകയും ചെയ്തതായി സൂചിപ്പിക്കുന്നു. എന്നാല്‍ നിലവിലുള്ള പാക്കേജുകള്‍ തികച്ചും അപര്യാപ്തമാണെന്ന് ചികിത്സാരംഗത്തെ വിവിധ സംഘടനകളും സ്വകാര്യ ആശുപ്രതികളും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സാര്‍വത്രികാരോഗ്യം എങ്ങനെ?
അടിസ്ഥാനപരമായി ബജറ്റ് വിഹിതം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ഏഉജ) 5 മുതല്‍ 7 ശതമാനം ആരോഗ്യ രംഗത്തേക്കു നീക്കിവയ്ക്കുക.
എല്ലാ പഞ്ചായത്തുകളിലും സബ്‌സെന്റര്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുക. ഇവിടങ്ങളില്‍ കുടുംബ ഡോക്ടര്‍മാരെ (എമാശഹ്യ ജവ്യശെരശമി) നിയമിക്കുക.
ആരോഗ്യ മാനുഷിക വിഭവശേഷി ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച അളവിലേക്ക് കൊണ്ടുവരികയും നിയമനങ്ങള്‍ സമയബന്ധിതമായി നടത്തുന്നതിന് മെഡിക്കല്‍ സര്‍വിസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്യുക.
അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ സര്‍വിസ് ആരംഭിക്കുക.
ഔഷധ ഉല്‍പാദനരംഗത്ത് പൊതു - സഹകരണ മേഖലകളില്‍ റീജ്യനല്‍ ഫാര്‍മ പാര്‍ക്കുകള്‍ സ്ഥാപിക്കുകയും ഔഷധ നിര്‍മ്മാണ വിപണനരംഗത്ത് പൊതുമേഖലാ സാന്നിധ്യം സജീവമാക്കുകയും ചെയ്യുക.
ചികിത്സാ ഉപകരണ നിര്‍മ്മാണ മേഖലകളില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക.
ഗവേഷണ രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ (കഇങഞ) മേഖലാ കേന്ദ്രങ്ങള്‍ ആരംഭിക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും പ്രാഥമികാരോഗ്യ പ്രവര്‍ത്തകരെയും ഏകോപിപ്പിച്ചുകൊണ്ടുള്ള രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക.
സംസ്ഥാന സര്‍ക്കാരുകളുടെയും പ്രൊഫഷണല്‍ സംഘടനകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ദേശീയ ആരോഗ്യ കൗണ്‍സില്‍ രൂപീകരിക്കുകയും വിവിധ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല സമയബന്ധിത പൂര്‍ത്തീകരണം, പുതിയ പദ്ധതികളുടെ ആവിഷ്‌കാരം എന്നിവ വിശകലനം ചെയ്യുക.
ആരോഗ്യരംഗത്തെ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ചെലവഴിക്കുന്ന തുക കണ്ടെത്തുന്നതിന് 'ആരോഗ്യ സെസ് ' (ഒലമഹവേ ഇല)ൈ ഏര്‍പ്പെടുത്തുക. കൂടാതെ രാജ്യത്തെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും അവയുടെ വാര്‍ഷിക ആദായത്തിന്റെ നിശ്ചിത ശതമാനം ആരോഗ്യ സെസ് ചുമത്തുക.
എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതികള്‍, സമ്പൂര്‍ണ സൗജന്യ ചികിത്സാ പദ്ധതികള്‍, ക്ഷേമ പെന്‍ഷനുകള്‍ എന്നിവ നടപ്പിലാക്കുക.
ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ ഗവേഷണം എന്നിവയെ പ്രത്യേക സഹമന്ത്രിമാരുടെ നേതൃത്വത്തില്‍ നിരീക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക.
ആരോഗ്യത്തിന്റെ രാഷ്ട്രീയം മാനവികത ഉള്‍ക്കൊള്ളുന്നതാവേണ്ടതുണ്ട്. ഇന്ത്യ പോലെ 135 കോടി ജനതയുള്ള രാജ്യത്ത്, ദരിദ്രരായ ഭൂരിഭാഗം ജനങ്ങളുള്ളപ്പോള്‍, ദാരിദ്ര്യജന്യരോഗങ്ങള്‍, സാംക്രമികരോഗങ്ങള്‍ എന്നിവ ഇപ്പോഴും വളരെയധികം ആളുകളുടെ ജീവനെടുത്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ രാജ്യത്തെ ജനങ്ങളെ ആരോഗ്യമുള്ള ജനതയാക്കുന്നതിനു വേണ്ട പക്വവും മൂര്‍ത്തവുമായ തീരുമാനങ്ങളെടുക്കാന്‍ ഇനിയും വൈകിക്കൂടാ. കൊവിഡ് -19 ലോകരാജ്യങ്ങളുടെ ആരോഗ്യ ചികിത്സാരംഗത്തിന്റെ പ്രസക്തി, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണം എന്നിവ ബോധ്യപ്പെടുത്തുന്നതില്‍ ഒരു പരിധിവരെ പങ്കുവഹിച്ചിട്ടുണ്ട്. ആരോഗ്യഭാരതം = സുരക്ഷിത ഭാരതം എന്ന മുദ്രാവാക്യം ആരോഗ്യത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യമാക്കാന്‍ ഇന്ത്യന്‍ ഭരണാധികാരികളും പ്രതിപക്ഷവും ഒന്നിച്ചുനിന്നാല്‍ 2030ഓടെ ഈ രംഗത്ത് ഒന്നാമതാകാന്‍ നമുക്കു കഴിയുമെന്നതിനു സംശയിക്കേണ്ടതില്ല. അതിലേയ്ക്കുള്ള ചുവടുവയ്പ്പുകളാവട്ടെ വരും ദിനങ്ങളിലെ നമ്മുടെ കര്‍മ്മപഥം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."