കരുവണ്ണൂരില്‍ സിവില്‍ സപ്ലൈസ് ഡിപ്പോ ഒരുങ്ങുന്നു
നടുവണ്ണൂര്‍: പൊതുവിതരണ കേന്ദ്രങ്ങളിലേക്കുള്ള റേഷന്‍ ധാന്യങ്ങളും മറ്റും സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി സിവില്‍ സപ്ലൈസ് കോര്പറേഷന് നേരിട്ടെത്തിക്കുന്നതിന് കരുവണ്ണൂരില്‍ ഡിപ്പോ ഒരുങ്ങുന്നു. കരുവണ്ണൂരിലെ ചെറുകരയിലാണ് 9000 ചതുരശ്ര അടിയില്‍ ഡിപ്പോ പണിതത്. ഇവിടെ സംഭരിക്കാനുള്ള ധാന്യങ്ങള്‍ വരും ദിവസങ്ങളില്‍ എഫ്.സി.ഐയില്‍നിന്ന് നേരിട്ടെത്തും. മെയ് ഒന്നുമുതല്‍ പൊതുവിതരണ കേന്ദ്രങ്ങളില്‍ എത്തിക്കും. ഭക്ഷ്യവസ്തുക്കളുമായി പോകുന്ന വാഹനങ്ങളെ ഡിപ്പോയില്‍നിന്ന് നിരീക്ഷിക്കാവുന്ന ജി.പി.എസ് സംവിധാനത്തിലാണ് വിതരണം.
നേരത്തെ ഉണ്ടായിരുന്ന കൊയിലാണ്ടി ഗോഡൗണുകളിലെ തൊഴിലാളികളെ വച്ച് കയറ്റിറക്ക് നടത്താനായിരുന്നു അധികൃതരുടെ നീക്കം. ഡിപ്പോയിലെത്തുന്നവ ഇറക്കിവയ്ക്കുന്ന ജോലിയ്ക്കു പ്രദേശത്തെ തൊഴിലാളികളെ നിയോഗിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇതിന് വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ശക്തമായ പിന്തുണയും ലഭിച്ചു.
പ്രാദേശിക തൊഴിലാളികളെ നിയോഗിക്കണമെന്ന ആവശ്യവുമായി ട്രേഡ് യൂനിയനുകള്‍ ചേര്‍ന്ന് സര്‍വകക്ഷി തൊഴിലാളി സംയുക്ത സമരസമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സജീവന് നാഗത്ത് (ചെയ), വി.കെ സോമന് (കണ്), അഷറഫ് പുതിയപ്പുറം (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍. സ്വകാര്യവ്യക്തിയാണ് സിവില്‍ സര്‍വിസ് കോര്പറേഷന് വാടകെക്കട്ടിടം പണിതു നല്‍കിയത്. ഓഫിസ് ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. നേരത്തെ നാട്ടുകാര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുന്നിടിച്ചുള്ള നിര്‍മാണം പ്രദേശവാസികള്‍ എതിര്‍ക്കാതിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."