രാജസ്ഥാനില്‍ പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനം തകര്‍ന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു
ജോധ്പൂര്‍: വ്യോമസേനയുടെ മിഗ്-27 ജെറ്റ് വിമാനം രാജസ്ഥാനിലെ സിരോഹിയിക്കടുത്ത് തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു.
സോവിയറ്റ് യൂനിയന്റെ കാലത്ത് രൂപംകൊടുത്ത മിഗ് വിമാനത്തിന്റെ ഏറ്റവും പുതിയ രൂപമാണ് തകര്‍ന്നുവീണ വിമാനം. ബാര്‍മറിലെ വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഉടന്‍തന്നെ തകര്‍ന്നുവീഴുകയായിരുന്നു.
വിമാനത്തിന്റെ എന്‍ജിന് തകരാറുണ്ടെന്ന് പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹം പാരച്യൂട്ട് വഴി രക്ഷപ്പെട്ടു. ജോധ്പൂരില്‍ നിന്ന് 120 കി.മീറ്റര്‍ മാറി സിരോഹിക്കടുത്ത ഷിയോഗഞ്ചിലാണ് വിമാനം തകര്‍ന്നുവീണത്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തില്‍ വസ്തുനാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ തകര്‍ന്നുവീഴുന്ന വ്യോമസേനയുടെ ഒന്‍പതാമത്തെ യുദ്ധവിമാനമാണിത്. കഴിഞ്ഞ ജനുവരിയില്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധ വിമാനം തകര്‍ന്നുവീണിരുന്നു. ഇതിന് പിന്നാലെ രണ്ട് മിഗ്-27 യു.പി.ജി, രണ്ട് ഹെലികോപ്റ്ററുകള്‍ എന്നിവയും പരിശീലനപ്പറക്കലിനിടയില്‍ തകര്‍ന്നുവീണു.
സൂര്യകിരണ്‍ എന്ന പേരില്‍ സംഘടിപ്പിച്ച വ്യോമാഭ്യാസത്തിനിടയില്‍ മിറാഷ്-2000, മിഗ്-21 എന്നീ രണ്ട് ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നിരുന്നു. പാക് വ്യോമസേന നടത്തിയ ആക്രമണത്തില്‍ അഭിനന്ദന്‍ വര്‍ധ്മാന്‍ പറത്തിയിരുന്ന മിഗ്-21 വിമാനവും തകര്‍ന്നിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടയിലാണ് കശ്മിരിലെ ബുദ്ഗാമില്‍ വ്യോമസേനയുടെ എം.ഐ-17 വി-5 ഹെലികോപ്റ്റര്‍ തകര്‍ന്ന് ഇതിലുണ്ടായിരുന്ന ആറുപേര്‍ മരിച്ചിരുന്നു.
ഈ ഹെലികോപ്റ്ററിനു നേരെ അബദ്ധത്തില്‍ വെടിയേറ്റതാണ് അപകടത്തിന് കാരണമായത്. ഈ സംഭവത്തെക്കുറിച്ചുള്ള ഉന്നത തല അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."