പ്രവാസികളോടുള്ള അവഗണന: മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ ധര്‍ണ നടത്തി
തിരുവനന്തപുരം: പ്രവാസികളോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരേ മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിഡിയോ സന്ദേശത്തിലൂടെ ധര്‍ണ ഉദ്ഘാടനം ചെയ്തു.
പ്രവാസികളോടുള്ള അവഗണന ചരിത്രത്തിലില്ലാത്ത നിഷേധാത്മക നിലപാടാണെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരു നാണയത്തിന്റെ ഇരുവശം എന്ന നിലയിലാണു പ്രവര്‍ത്തിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. ക്രൈസിസ് മാനേജ്‌മെന്റ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന ത് സര്‍ക്കാര്‍ മറക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
വിഡിയോ വഴി സംസാരിച്ച പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദും പ്രവാസികളെ സര്‍ക്കാര്‍ കൈവിട്ടെന്ന് അഭിപ്രായപ്പെട്ടു. പ്രവാസി വിഷയത്തില്‍ പരിഹാരം കാണേണ്ടത് സര്‍ക്കാരാണ്. നാടിന്റെ സമ്പദ്ഘടന പിടിച്ചുനിര്‍ത്തിയ പ്രവാസികള്‍ക്ക് നാട്ടില്‍ വരാന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ സര്‍ക്കാര്‍ അയവു വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എം.എല്‍.എമാരായ എം.കെ മുനീര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, എന്‍. ശംസുദ്ദീന്‍, കെ.എന്‍.എ ഖാദര്‍, സി. മമ്മൂട്ടി, ടി. അഹമ്മദ് കബീര്‍, പി. ഉബൈദുല്ല, ടി.വി ഇബ്‌റാഹിം, പാറക്കല്‍ അബ്ദുല്ല, ആബിദ് ഹുസൈന്‍ തങ്ങള്‍, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."