വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യകിറ്റുമായി വിദ്യാഭ്യാസ വകുപ്പ്; വിതരണം ജൂലൈ ആദ്യവാരത്തോടെ
തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മധ്യവേനല്‍ അവധിക്കാലത്തേക്കുള്ള ഫുഡ് സെക്യൂരിറ്റി അലവന്‍സായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതു വിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും.
ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച പ്രപ്പോസലിന് സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 26,26,763 വിദ്യാര്‍ഥികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ജൂലൈ ആദ്യവാരത്തോടെ ഭക്ഷ്യകിറ്റുകളുടെ വിതരണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.81.37 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഇതിനായി കേന്ദ്ര ധനസഹായവും ലഭ്യമായിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു അറിയിച്ചു.
ഏപ്രില്‍, മെയ് മാസങ്ങളിലെ അവധി ദിനങ്ങള്‍ ഒഴിവാക്കിയുള്ള നാല്‍പ്പത് ദിനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യവും പാചക ചെലവിനത്തില്‍ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റില്‍ ഉള്‍പ്പെടുന്നത്. ചെറുപയര്‍, കടല, തുവര പരിപ്പ്, പഞ്ചസാര, കറിപൗഡറുകള്‍, ആട്ട, ഉപ്പ് തുടങ്ങിയ ഒന്‍പത് ഇനങ്ങളാണ് കിറ്റിലുണ്ടാവുക.പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് 1.2 കിലോ അരിയും 261 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റും പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് നാല് കിലോ അരിയും 261 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റും അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് ആറ് കിലോ അരിയും 391 രൂപയുടെ പലവ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യകിറ്റുമാണ് നല്‍കുക.
സപ്ലൈക്കോ മുഖാന്തിരം സ്‌കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി, പി.ടി.എ, എസ്.എം.സി എന്നിവയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യും. വിതരണം സംബന്ധിച്ച അറിയിപ്പ് സ്‌കൂള്‍ മുഖാന്തിരം രക്ഷിതാക്കള്‍ക്ക് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."