രാഹുലിനെ 'പപ്പു' എന്ന് ആക്ഷേപിച്ച് ദേശാഭിമാനി എഡിറ്റോറിയല്‍; 'പപ്പുസ്‌ട്രൈക്ക്' കോണ്‍ഗ്രസ്സിന്റെ നാശം പൂര്‍ണമാക്കുമെന്നും സി.പി.എം മുഖപത്രം
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി യു.ഡി.എഫിന്റെ കോട്ടയായ വയനാട്ടില്‍ മല്‍സരിക്കാന്‍ തീരുമാനിച്ച നടപടിയെ രൂക്ഷമായി അധിക്ഷേപിച്ച് സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി. 'കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണ്ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക്' എന്ന തലക്കെട്ടില്‍ ഇന്നു പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ദേശാഭിമാനി രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസ്സിനുമെതിരെ അധിക്ഷേപം ചൊരിഞ്ഞിരിക്കുന്നത്.
ഗാന്ധി കുടുംബത്തിന് ഒപ്പംനിന്ന അമേത്തിയില്‍ പരാജയഭീതികൊണ്ടാണ് ഇക്കുറി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത് എന്ന കാര്യത്തില്‍ സംശയമില്ലെന്നു പറഞ്ഞാണ് എഡിറ്റോറിയല്‍ തുടങ്ങുന്നത്. 'രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുകയാണിപ്പോള്‍. ഈ തകര്‍ച്ച തടയാന്‍ കിഴക്കന്‍ യുപിയില്‍ പ്രിയങ്കയെ ഇറക്കിയെങ്കിലും അതും ഗുണംപിടിക്കുന്നില്ലെന്നല്ലേ രാഹുലിന്റെ ഒളിച്ചോട്ടം വിളിച്ചുപറയുന്നത്. ഗതികേടിന്റെ ഭാഗമായാണ് വയനാട്ടിലേക്ക് വരുന്നതെന്ന് സാരം'- എഡിറ്റോറിയലില്‍ പറയുന്നു.
ബി.ജെ.പിയെയാണ് രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നതെങ്കില്‍ അദ്ദേഹം മത്സരിക്കേണ്ടത് ഒരിക്കലും കേരളത്തിലല്ല. ഇന്നുവരെ ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് കഴിയാത്ത സംസ്ഥാനമാണിത്. കേരളത്തില്‍ എന്നും പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. അപ്പോള്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് എല്‍ഡിഎഫിനോടാണ് എന്നര്‍ഥം. കോണ്‍ഗ്രസ് അധ്യക്ഷന്‍തന്നെ ഇടതുപക്ഷത്തോട് മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പ്രധാനശത്രു ഇടതുപക്ഷമാണെന്ന് വരുന്നു. അങ്ങനെയുള്ള ഒരു നേതാവിനും രാഷ്ട്രീയ പ്രസ്ഥാനത്തിനും എങ്ങനെയാണ് ബിജെപിയെ ദേശീയമായി നേരിടാനാകുക?- ദേശാഭിമാനി ചോദിക്കുന്നു. ഒരു നനഞ്ഞ പടക്കമായി മാത്രമേ ഈ മത്സരത്തെ കാണാനാകൂ. ആലങ്കാരികമായി പറഞ്ഞാല്‍ ഒരു പപ്പുസ്‌ട്രൈക്ക് ആണ് കോണ്‍ഗ്രസിന്റേത്. അത് അവരുടെ നാശം പൂര്‍ണമാക്കുമെന്നു പറഞ്ഞാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷനെതിരായ പപ്പു പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ രൂക്ഷമായ ചര്‍ച്ചയ്ക്കും കാരണമായിട്ടുണ്ട്. ദേശാഭിമാനിയുടെ പ്രയോഗത്തിനെതിരെ അതിനിശിതമായാണ് പലരും വിമര്‍ശിക്കുന്നത്. രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ കോണ്‍ഗ്രസ്സിന്റെ സൈബര്‍ മുഖമായ വി.ടി ബല്‍റാം എം.എല്‍.എ, ഇനി പപ്പുവിളി തട്ടിയെടുക്കാമെന്നു ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്തിരുന്നു. ബല്‍റാമിന്റെ പ്രവചനം ശരിവയ്ക്കുന്ന വിധത്തിലാണ് ദേശാഭിമാനിയുടെ ഇന്നത്തെ എഡിറ്റോറിയലെന്നും സോഷ്യല്‍മീഡിയ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുലിനെ തെരഞ്ഞെടുത്ത വാര്‍ത്ത, ഇനി പപ്പുയുഗം എന്ന തലക്കെട്ടോടെയായിരുന്നു കൈരളി ടി.വി നല്‍കിയത്. ഇതു വിവാദമായതോടെ ചാനല്‍ ആ പരാമര്‍ശം തിരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."